കൊച്ചി നഗരസഭാ ആസ്ഥാനം
കൊച്ചി നഗരസഭാ ആസ്ഥാനം 
Local

കൊച്ചി നഗരസഭ പാഴാക്കിയത് 50 കോടി

ജിബി സദാശിവൻ

കൊച്ചി: കൊച്ചി നഗരസഭയ്ക്കായി കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച ഫണ്ടിൽ 50 കോടി രൂപ ഉപയോഗപ്പെടുത്താതെ പാഴാക്കിയതായി ഓഡിറ്റ് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് റോഡ് അറ്റകുറ്റപ്പനിക്കായി അനുവദിച്ച 25 കോടി രൂപയിൽ 8 കോടി രൂപ നഗരസഭ വിനിയോഗിക്കാതെ പാഴാക്കി.

നോൺ റോഡ് മെയിന്‍റനൻസ് ഫണ്ടിൽ വെറും 0.19 ശതമാനം മാത്രമാണ് വിനിയോഗിച്ചത്.പാഴാക്കിയത് 20 കോടി രൂപ. നഗരസഭാ പരിധിയിലെ ഒട്ടുമിക്ക റോഡും കുണ്ടും കുഴിയുമായി കിടക്കുമ്പോഴാണ് റോഡ് അറ്റകുറ്റപ്പണിക്കായി അനുവദിച്ച ഫണ്ടിൽ നിന്ന് എട്ട് കോടി രൂപയോളം നഗരസഭ വിനിയോഗിക്കാതെ പാഴാക്കിയത്.

റോഡ് അറ്റകുറ്റപ്പണിക്കായി അനുവദിക്കുന്ന ഫണ്ട് വിനിയോഗിക്കാത്തത് സംബന്ധിച്ച 2008 ൽ സി.പി അജിത്കുമാർ എന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജിയിൽ ഉന്നയിച്ച കാര്യങ്ങളിൽ ചിലത് ബന്ധപ്പെട്ട ഏജൻസികൾ നടപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹർജി പിന്നീട് തള്ളിയിരുന്നു. എന്നാൽ ഭാവിയിൽ ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞിരുന്നു. തുടർന്ന് അജിത് കുമാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

നഗരസഭയുടെ ബഡ്‌ജറ്റിങ് രീതിയെ ഓഡിറ്റ് റിപ്പോർട്ട് രൂക്ഷമായി വിമർശിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 972 കോടി രൂപയുടെ വരുമാനമാണ് ബഡ്ജറ്റിൽ പ്രതീക്ഷിച്ചിരുന്നതെങ്കിൽ 467 കോടി മാത്രമാണ് ലഭിച്ചത്. പ്രതീക്ഷിത ചെലവ് 911 കോടി രൂപയായിരുന്നെങ്കിൽ ചെലവാക്കിയത് 485 കോടി മാത്രമാണ്. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാതെയാണ് നഗരസഭ വാർഷിക പദ്ധതികളും ബഡ്ജറ്റും തയാറാക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. നടപ്പാക്കാനാവില്ല എന്ന് ഉത്തമ ബോധ്യമുള്ള പദ്ധതികൾ പോലും ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതാണ് ഏറെക്കാലമായി തുടർന്ന് വരുന്ന രീതി. ഓരോ സാമ്പത്തിക വർഷവും അവസാനിക്കാറാകുമ്പോൾ മാത്രമാണ് പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നത്.

ഫണ്ടുകൾ പാഴാകുന്നതിന് പ്രധാന കാരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020-21 ൽ കേന്ദ്ര ധനകാര്യ കമ്മീഷൻ 28 കോടി രൂപ കൊച്ചി നഗരസഭയ്ക്ക് അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ വെറും 6 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. അടുത്ത സാമ്പത്തിക വർഷം ബാക്കി 22 കോടി സർക്കാർ പുതുക്കി നൽകിയെങ്കിലും നഗരസഭ അതും വിനിയോഗിച്ചില്ല.

ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു; ജൂൺ 6ന് അവസാന മത്സരം

വരും ദിവസങ്ങളില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെലോ അലര്‍ട്ട്

അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി

ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

6 വയസുകാരനെക്കൊണ്ട് അശ്ലീല വീഡിയോ ചിത്രീകരിപ്പിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസ്