കോട്ടയം: വടയാറിൽ നിയന്ത്രണം വിട്ട ബൈക്ക് മൈൽക്കുറ്റിയിൽ ഇടിച്ച് തെറിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. കടുത്തുരുത്തി വാലാച്ചിറ പത്തുപറയിൽ ബൈജു - സിനി ദമ്പതികളുടെ മകൻ ആൽബി ബൈജുവാണ് (21) മരിച്ചത്. വടയാർ കോരിക്കൽ നാദം ജംങ്ഷന് സമീപം ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.
കോരിക്കൽ ഭാഗത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിലെ വളവിനു സമീപം ഉണ്ടായിരുന്ന മൈൽക്കുറ്റിയിൽ ഇടിച്ചശേഷം ബൈക്ക് സമീപത്തെ പൊന്തക്കാട്ടിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ ആൽബി അപകടസ്ഥലത്ത് ഏറെ നേരം കിടന്നു.
തുടർന്ന് കൂട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇയാളെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തൃപ്പൂണിത്തുറയിൽ ഓട്ടോമൊബൈൽ മെക്കാനിക്ക് കോഴ്സിൽ പരിശീലന വിദ്യാർഥിയായിരുന്നു മരിച്ച ആൽബി. സഹോദരി: ആത്മ.