വോട്ടുപിടുത്തത്തിനിടയിൽ പാമ്പുപിടിക്കുന്ന സ്ഥാനാർഥി
കോതമംഗലം: വോട്ടുപിടുത്തത്തിനിടയിൽ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാർഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ജ്യൂവൽ ജൂഡിയാണ് താരം.
കൊടും വിഷമുള്ള രാജവെമ്പാലയോ, മൂർഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാൽ ഉടൻ ജ്യൂവലിന് വിളിയെത്തും. ജ്യൂവലിന്‍റെ നാടായ കോട്ടപ്പടി ഒരു വനാതിർത്തി മേഖലയാണ്. പാമ്പുകൾ മാത്രമല്ല കാട്ടാനകളും, മറ്റ് വന്യമൃഗങ്ങളും ഈ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത് പതിവാണ്.
ഏത് രാത്രിയിലും നാട്ടുകാരുടെ വിളി വന്നാൽ ജ്യൂവൽ ഉടൻ സ്ഥലത്ത് എത്തും. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യമുയർത്തി നിരവധി സമരങ്ങൾ നടന്നു. അതിലും മുന്നിൽ നിന്ന് നയിക്കാൻ ജ്യൂവൽ ഉണ്ടായിരുന്നു. തൃക്കാരിയൂർ ,തുളുശ്ശേരിക്കവലക്ക് സമീപം ഞാളുമഠം മധുസൂദനൻ നായരുടെ മുറ്റത്ത് രാത്രി കണ്ട പെരുമ്പാമ്പിനെ പിടികൂടാനാണ് സഞ്ചിയും, സ്റ്റിക്കുമായി ജ്യൂവൽ എത്തിയത്. സ്ഥാനാർഥിയാണെന്നറിഞ്ഞതോടെ ആൾക്കൂട്ടത്തിനും കൗതുകമായി.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തായാലും പാമ്പോ, കാട്ടാനയോ വന്നാൽ ഓടിയെ ത്താറുണ്ടെന്നും. അത് ഒരു ബാധ്യതയായി കാണുന്നില്ലെന്നും, നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് സ്ഥാനാർഥിയായതെന്നും ജ്യൂവൽ പറഞ്ഞു.
ലക്ഷങ്ങളുടെ പ്രചാരണവും വലിയ വാഗ്ദാനങ്ങളുമില്ലെങ്കിലും ജനങ്ങളുടെ ജീവൻ രക്ഷിച്ച അനുഭവങ്ങളും ആത്മവിശ്വാസവുമായാണ് സേവനത്തിന്‍റെ തുടർച്ചക്കായി ജനാധിപത്യ പോരാട്ടത്തിന് ജ്യൂവൽ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.