ആലപ്പുഴയിലെ മത്സ്യകന്യക ശിൽപ്പം പൊളിച്ചു മാറ്റും
ആലപ്പുഴ: ആലപ്പുഴ കനാൽക്കരയിൽ സ്ഥാപിച്ചിരിക്കുന്ന മത്സ്യകന്യക ശിൽപ്പം പൊളിച്ചു മാറ്റാൻ തീരുമാനം. പി.പി. ചിത്തരഞ്ജൻ എംഎൽഎ കലക്റ്ററും കിഫ്ബി അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനമായിരിക്കുന്നത്. ജില്ലാ കോടതിപ്പാലത്തിന്‍റെ പുനർനിർമാണപ്രവർത്തനങ്ങൾക്ക് ശിൽപ്പം തടസ്സമാണെന്ന് കിഫ്ബിയും കരാർ കമ്പനിയും ചൂണ്ടിക്കാണിച്ചിരുന്നു.
ആദ്യം ശിൽപ്പം അപ്പാടെ മാറ്റിസ്ഥാപിക്കാനായിരുന്നു നീക്കം. എന്നാൽ ഇതു പ്രായോഗികമല്ലാത്തതിനാൽ പൊളിച്ചു മാറ്റാമെന്ന് തീരുമാനിക്കുകയായിരുന്നു. 2024 ഓഗസ്റ്റിലാണ് പാലം നിർമാണം ആരംഭിച്ചത്. 2026 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ പാതി നിർമാണം പോലും പൂർത്തിയായിട്ടില്ല.
കനാലിനരികിൽ കോൺക്രീറ്റ് കട്ടയിലാണ് ശിൽപ്പം നിർമിച്ചിരിക്കുന്നത്. മെഗാടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച 11 ശിൽപ്പങ്ങളിൽ ഒന്നാണിത്.
1992-93 കാലഘട്ടത്തിൽ ആലപ്പുഴ വികസന അതോറ്റിയുടെ നിർദേശ പ്രകാരം ശിൽപി കണിയാപുരം വിജയകുമാർ ആണ് ശിൽപ്പം നിർമിച്ചത്. 50 ടൺ ഭാരമുള്ള ശിൽപ്പം മാറ്റിസ്ഥാപിക്കാൻ വൻ പണച്ചെലവാണുള്ളത്. മാത്രമല്ല, പൊട്ടാതെ മാറ്റാമെന്ന് ഉറപ്പു നൽകാനും സാധിക്കില്ല.