ചെട്ടികാട് കടപ്പുറം 
Local

ഒരിക്കൽ കൊച്ചമേരിക്ക, ഇന്ന് കടലോളം പ്രതിസന്ധി

നാടും നഗരവും തെരഞ്ഞെടുപ്പ് ബഹളങ്ങളിൽ മുങ്ങുമ്പോഴും ഈ കടപ്പുറത്ത് ആളും അനക്കവുമില്ല. ഇവിടത്തെ നാട്ടുകാർക്കും തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് ആശങ്കയോ ആഗ്രഹങ്ങളോ കൗതുകമോ ഒന്നുമില്ല

VK SANJU

ജിബി സദാശിവൻ

കൊച്ചി: കേരളത്തിലുമുണ്ടായിരുന്നു ഒരു അമേരിക്ക. മുപ്പത് വർഷം മുൻപ് വരെ ഈ അമേരിക്കയിലേക്ക് നാട്ടുകാർ കൂട്ടത്തോടെ എത്തിയിരുന്നു. വിശേഷ ദിനങ്ങളിലും വീടുകളിൽ വിശേഷങ്ങൾ വരുമ്പോഴുമൊക്കെ ആളുകൾ ഓടിയെത്തിയിരുന്നത് കൊച്ചമേരിക്ക എന്നറിയപ്പെടുന്ന ഈ കടപ്പുറത്തേക്കായിരുന്നു. ആലപ്പുഴയിലെ ചെട്ടികാട് കടപ്പുറമായിരുന്നു ഒരിക്കൽ കൊച്ചമേരിക്ക എന്നറിയപ്പെട്ടിരുന്നത്. വലിയ ഫ്രഷ് മീനുകൾ ഇവിടെയായിരുന്നു ലഭിച്ചിരുന്നത്. പക്ഷെ ഇപ്പോൾ നാടും നഗരവും തെരഞ്ഞെടുപ്പ് ബഹളങ്ങളിൽ മുങ്ങുമ്പോഴും ഈ കടപ്പുറത്ത് ആളും അനക്കവുമില്ല. ഇവിടത്തെ നാട്ടുകാർക്കും തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് ആശങ്കയോ ആഗ്രഹങ്ങളോ കൗതുകമോ ഒന്നുമില്ല. ആര് ജയിച്ചാലും തോറ്റാലും അതൊന്നും ഇവരെ ബാധിക്കുന്നുമില്ല. കാരണം അനുഭവം അവരെ അങ്ങനെയാണ് പഠിപ്പിച്ചത്.

മുപ്പത് വർഷം മുൻപത്തെ ചെട്ടികാട് കടപ്പുറത്തെ കുറിച്ച് പറയുമ്പോൾ 69 കാരനായ യോഹന്നാൻ നിർവികാരതയോടെ ആഴക്കടലിലേക്ക് നോക്കി. ഒരിയ്ക്കൽ കൊച്ചമേരിക്ക എന്നറിയപ്പെട്ടിരുന്ന കടപ്പുറമാണ്. ഇന്ന് ആളും ആരവവും ഒന്നുമില്ല. ഒൻപതാം വയസ് മുതൽ മീൻപിടിക്കാൻ പോയി തുടങ്ങിയതാണ് യോഹന്നാൻ. ഇപ്പോൾ പക്ഷെ തീരത്ത് വറുതിയുടെ ദിനങ്ങളാണ്. ഈസ്റ്ററിന് ശേഷം ഇവിടെ നിന്ന് ബോട്ടുകളൊന്നും കടലിൽ പോയിട്ടില്ല. മീനില്ലാത്തതാണ് കാരണം. ഇന്ധനച്ചെലവും താങ്ങാനാവുന്നില്ല.

നാൽപ്പതോളം ബോട്ടുകളാണ് ഇവിടെ നിന്ന് മത്സ്യബന്ധനത്തിന് പോയിരുന്നത്. ഇവിടത്തെ മത്സ്യബന്ധന തൊഴിലാളികൾക്ക് ജോലിയും വരുമാനവും ഇല്ലാത്ത സ്ഥിതിയാണ്. നാല്പതോളം ബോട്ടുകളാണ് ഇവിടെ നിന്ന് മത്സ്യബന്ധത്തിനായി പോയിരുന്നത്. ആറു പേർ മുതൽ പന്ത്രണ്ട് പേർ വരെയാണ് ഓരോ ബോട്ടിലും പോയിരുന്നത്. അയല മാസങ്ങളായി കാണാനേയില്ലന്ന് യോഹന്നാൻ പറയുന്നു. ചാള ഇടയ്ക്ക് ലഭിക്കുമായിരുന്നു. ഇപ്പോൾ അതും ഇല്ല. ചൂടും ഒരു കാരണമാണ്. ഇപ്പോഴത്തെ കാലാവസ്ഥയും മത്സ്യ ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. ഒരു ബോട്ട് പോയി വരുമ്പോൾ 25000 രൂപ വരെ കിട്ടുമായിരുന്നു. പക്ഷെ തരകന്മാരും കച്ചവടക്കാരും ചേർന്ന് ലാഭമെല്ലാം കൊണ്ടുപോകും. ബോട്ടിൽ പോയി വരുന്നവർക്ക് നിസാര തുകയാണ് ലഭിക്കുന്നത്.

അൻപത് പാട് വരെ കടലിനുള്ളിലേക്ക് ഇവർ മത്സ്യബന്ധനത്തിനായി പോകും. 130 രൂപ വരെ ഇന്ധനച്ചെലവ് വരും. സബ്സിഡി ഉണ്ടെങ്കിലും തരകന്മാരാണ് അതും കൈകാര്യം ചെയ്യുന്നത്. അവരുടെ കമ്മീഷനൊക്കെ എടുത്ത ശേഷം മത്സ്യത്തൊഴിലാളികൾക്ക് എന്തെങ്കിലും കിട്ടിയാലായി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇവർക്ക് പ്രത്യേകിച്ച് ആശങ്കകളോ ചിന്തകളോ ഒന്നുമില്ല. തെരഞ്ഞെടുപ്പൊന്നും ഞങ്ങളെ ബാധിക്കുന്നേയില്ല എന്നാണ് ഇവർ പറയുന്നത്. ഇങ്ങോട്ട് ഒരു രാഷ്ട്രീയക്കാരും തിരിഞ്ഞു നോക്കുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് ഒരു സഹായവും നൽകുന്നില്ല. എന്തെങ്കിലും സഹായം ലഭിക്കുന്നത് പാർട്ടിക്കാർക്ക് മാത്രം. നാൽപത് വർഷമായി താമസിക്കുന്നവർക്ക് പോലും വീട്ടുനമ്പർ നൽകിയിട്ടില്ല. സിആർഇസഡ് പ്രശ്‌നവും നിലനിൽക്കുന്നു.

പുതുതലമുറയിലെ ആരും മത്സ്യബന്ധന മേഖലയിലേക്ക് വരുന്നില്ല. താത്പര്യമുള്ളവർ ആകട്ടെ പുലർച്ചെ പൊന്തുവള്ളത്തിൽ പോയി കിട്ടുന്നത് കൊണ്ടുവന്ന് മുതിർന്നവരെ ഏൽപ്പിച്ച ശേഷം അവർ മറ്റു ജോലികൾക്ക് പോകും. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങൾ മിക്കവാറും റോഡരികിൽ കൊണ്ട് വന്ന് വിറ്റു തീർക്കും. കച്ചവടക്കാർക്ക് കൊടുത്താൽ നഷ്ടമാണെന്ന് തൊഴിലാളികൾ പറയുന്നു. മീൻ വിറ്റാൽ കിട്ടുന്നത് തുച്ഛമായ തുകയാണ്. വീട്ടുചെലവിനു പോലും തികയില്ല. ആനുകൂല്യങ്ങളും പദ്ധതികളും ഒരുപാടുണ്ടെങ്കിലും അതെല്ലാം ഇടനിലക്കാർക്കും രാഷ്ട്രീയക്കാർക്കും മാത്രമായി പരിമിതപ്പെടുന്നു. അതുകൊണ്ടു തന്നെ ഒരു രാഷ്ട്രീയത്തോടും ഒരു രാഷ്ട്രീയക്കാരോടും ഇവർക്ക് പ്രത്യേകിച്ച് താത്പര്യമില്ല, തെരഞ്ഞെടുപ്പിനോടും.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത