നടരാജ ശില്‍പ്പത്തിന്‍റെ പേരിലുള്ള പണം തട്ടിപ്പ് കേസ് വ്യാജം; കേസ് റദ്ദാക്കി
പ്രതീകാത്മക ചിത്രം
ചാലക്കുടി: നടരാജ ശില്‍പ്പത്തിന്‍റെ പേരിലുള്ള പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ ബാബു തോംമ്പ്രക്കെതിരേ നല്‍കിയ കേസ് വ്യാജമെന്ന് തെളിഞ്ഞു. കേസിലെ പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ട് ഹൈക്കോടതി കേസ് റദ്ദാക്കി.
നടരാജ ശില്‍പ്പം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ച് കാടുകുറ്റി സ്വദേശി ഊളപറമ്പില്‍ രജീഷ് നല്‍കിയ കേസില്‍ അന്നനാട് സ്വദേശി ബാബു തോംമ്പ്ര, കാടുകുറ്റി സ്വദേശി ഷിജോ, ഇദ്ദേഹത്തിന്‍റെ ഭാര്യ എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.
പഞ്ചലോഹ നടരാജ ശില്‍പ്പം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങുകയും വ്യാജ ശില്‍പ്പം നല്‍കി പണം തട്ടിയെന്നും ആരോപിച്ച് മാര്‍ച്ച് 18ന് കൊരട്ടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊരട്ടി പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചിരുന്നു.
പണം തട്ടിയ കേസിലെ യഥാര്‍ഥ പ്രതികള്‍ വേറെയാണെന്നും ഇവര്‍ കേസില്‍ പ്രതിയാക്കുമെന്ന് കണ്ടത്തിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി കേസ് പിന്‍വലിക്കാന്‍ കാരണമെന്നും സൂചനയുണ്ട്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അന്നനാട് സ്വദേശി ബാബു തോംമ്പ്ര നിരപരാധിയാണെന്നും രെജീഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പൊതുപ്രവര്‍ത്തകനായ തന്നെ വ്യാജ പരാതിയുടെ പേരില്‍ കേസില്‍പ്പെടുത്തി മാനനഷ്ടം വരുത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ബാബു തോംമ്പ്ര പറഞ്ഞു.