ജീപ്പ് ഒഴുക്കിൽ പെട്ടപ്പോൾ
കോതമംഗലം: മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിൽ കമാൻഡർ ജീപ്പ് ഒഴുക്കിൽ പെട്ടു. വാഹനത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളും ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സമയോചിതമായ ഇടപെടലിലൂടെ നാട്ടുകാർ മൂവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. പെരുമ്പൻക്കുത്ത് ചപ്പാത്തിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കമാൻഡർ ജീപ്പ് ശക്തമായ ഒഴുക്കിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്നവർ അപകടത്തിൽപ്പെടുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും, ഡ്രൈവറെയും തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളെയും സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ചെയ്തു. വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയ ശേഷം, നാട്ടുകാരുടെ കൂട്ടായ പരിശ്രമത്താൽ ഒഴുക്കിൽപ്പെട്ട ജീപ്പ് കെട്ടിവലിച്ച് കരയിലേക്ക് എത്തിക്കാനും സാധിച്ചു.
കനത്ത മഴയെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുള്ള സാഹചര്യത്തിൽ, വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.