മുംബൈ: പ്രൊഫ.എം പി മന്മഥന്റെ നേതൃത്വത്തിൽ തുടങ്ങിയ അക്ഷയ പുസ്തക നിധിയുടെ ഈ വർഷത്തെ ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മറുനാടൻ മലയാളി സമാജത്തിനുള്ള പുരസ്‌കാരം സൂറത്ത് കേരള സമാജത്തിനു ലഭിക്കും.
പത്രപ്രവർത്തനത്തിനുള്ള അവാർഡ് തോമസ് ജേക്കബിനും വിദ്യാഭ്യാസ മേഖലയിലെ സംഭവനയ്ക്കുള്ള പുരസ്‌ക്കാരം കമാണ്ടർ വി കെ ഷാജിക്കും ലഭിക്കും. സാംസ്ക്കാരിക പ്രവർത്തനത്തിനുള്ള പുരസ്‌ക്കാരം കെ ശ്രീകുമാർ(കോയമ്പത്തൂർ)അർഹനായി.
ഓഗസ്റ്റ് 6 ന് സൂറത്തിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ ശ്രീധരൻ പിള്ള പുരസ്‌കാരങ്ങൾ നൽകുമെന്ന് അക്ഷയ പുസ്തക നിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണൻ അറിയിച്ചു.
പത്മശ്രീ ഡോ എം ലീലാവതി,വൈശാഖൻ,പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശില്പവും കീർത്തി മുദ്രയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
അതേസമയം സമാജത്തിനെ ഇന്നത്തെ നിലയിലേക്ക് വളർത്താൻ അത്യധ്വാനം ചെയ്ത മുൻകാല പ്രവർത്തകർക്കും, കഴിഞ്ഞ കാൽ നൂറ്റാണ്ടായി സൂറത്തിൽ സമാജം നടത്തിവരുന്ന നിസ്വാർത്ഥ സേവനങ്ങൾക്ക് എന്നും പിന്തുണയേകിയിട്ടുള്ള, സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് സ്നേഹവും സഹകരണവുമേകിയിട്ടുള്ള സൂറത്തിലെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഈ അവാർഡ് സമർപ്പിക്കുന്നതായി
സുനിൽ നമ്പ്യാർ (പ്രസിഡണ്ട്), ഷാജി ആന്റണി(ജനറൽ സെക്രട്ടറി), പദ്മപ്രസാദ്(ട്രഷറർ)(കേരളാ സമാജം സൂറത്ത്) സംയുക്ത വാർത്താ കുറിപ്പിലൂടെ അറിയിച്ചു.