ഏഷ്യയില്‍ ഏറ്റവും സന്തോഷം ഉള്ളവരുടെ നഗരമായി മുംബൈ
മുംബൈ : ടൈം ഔട്ടിന്റെ സിറ്റി ലൈഫ് ഇന്‍ഡക്‌സ് 2025 പ്രകാരം ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി മുംബൈയെ തിരഞ്ഞെടുത്തു. ഉയര്‍ന്ന വാടക, ഗതാഗതക്കുരുക്ക്, തിരക്കേറിയ ജീവിതശൈലി എന്നിവയുണ്ടായിട്ടും ബെയ്ജിങ്, ഷാങ്ഹായ്, ചിയാങ് മായ്, ഹനോയി തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് മുംബൈ ഈ സ്ഥാനം നേടിയത്.
സര്‍വേയില്‍ പങ്കെടുത്ത 94 ശതമാനം മുംബൈ നിവാസികളും തങ്ങളുടെ നഗരം സന്തോഷം നല്‍കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഏകദേശം 90 ശതമാനം പേര്‍ മുംബൈയില്‍ മറ്റെവിടത്തേക്കാള്‍ സന്തോഷവാന്മാരാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം നഗരങ്ങളിലെ സംസ്‌കാരം, നൈറ്റ് ലൈഫ്, ഭക്ഷണം, ജീവിത നിലവാരം എന്നിവയായിരുന്നു മാനദണ്ഡം. നഗരം സന്തോഷം നല്‍കുന്നുണ്ടോ, നാട്ടുകാര്‍ പോസിറ്റീവാണോ എന്നതുള്‍പ്പെടെ അഞ്ച് മേഖലകള്‍ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തല്‍.
മുംബൈ, ബെയ്ജിങ്, ഷാങ്ഹായ്, ചിയാങ് മായ്, ഹനോയി, ജക്കാര്‍ത്ത, ഹോങ്കോങ്, ബാങ്കോക്ക്, സിങ്കപ്പൂര്‍, സിയോള്‍ എന്നിവയാണ് സന്തോഷ സൂചികയിലെ 10 നഗരങ്ങള്‍.മുംബൈയിലെ ഉത്സവാന്തരീക്ഷം, സാംസ്‌കാരിക വൈവിധ്യം, സൗഹൃദപരമായ സമീപനം എന്നിവയാണ് സന്തോഷ സൂചികയില്‍ ഒന്നാമതെത്താന്‍ കാരണം.
സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയില്‍ ഏഷ്യയില്‍ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനവും മുംബൈയ്ക്കാണ്. ഡല്‍ഹിയാണ് തൊട്ടു പിന്നില്‍.