Mumbai

ഷിൻഡെയുടെ അയോധ്യ സന്ദർശനം: രാജ്യത്തുടനീളം ഉയർത്തിക്കാട്ടാൻ ശിവസേന

മുംബൈ: ഏകനാഥ് ഷിൻഡെയുടെ ആയിരകണക്കിന് പാർട്ടി പ്രവർത്തരോടൊപ്പമുള്ള അയോധ്യ സന്ദർശനമിന്ന്. കഴിഞ്ഞ വർഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ആയതിനു ശേഷമുള്ള ആദ്യ അയോധ്യ സന്ദർശനമാണ് ഏകനാഥ് ഷിൻഡെ ഇന്ന് നടത്തുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് അയോധ്യയിൽ എത്തുന്ന ശിവസേന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർക്ക് താമസിക്കാൻ ക്ഷേത്രനഗരിയിലെ മിക്കവാറും എല്ലാ ഹോട്ടലുകളും അതിഥി മന്ദിരങ്ങളും ധർമശാലകളും ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഷിൻഡെയെ സ്വീകരിക്കാൻ ഒരു ദിവസം മുമ്പ് തന്നെ ശിവസൈനികരും പ്രത്യേക ട്രെയിനുകളിൽ അയോധ്യയിലെത്തിയിട്ടുണ്ട്. ഷിൻഡെയുടെ അയോധ്യ സന്ദർശനം രാജ്യത്തുടനീളം ഉയർത്തിക്കാട്ടാൻ ശിവസേന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പരിപാടി പ്രകാരം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്ന് വൈകീട്ട് ലഖ്‌നൗവിൽ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നും അറിയിച്ചു. ഞായറാഴ്ച രാവിലെ അദ്ദേഹം ഹെലികോപ്റ്ററിൽ അയോധ്യയിലെത്തി സരയൂ നദിക്കരയിൽ ഇറങ്ങും. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വക്താവ് വിരാജ് മുലായെ അറിയിച്ചതാണ് ഇക്കാര്യം. “മഹാരാഷ്ട്ര മുഖ്യമന്ത്രി ശനിയാഴ്ച ലഖ്‌നൗവിലെത്തും, ഞായറാഴ്ച അയോധ്യ സന്ദർശിക്കും, അവിടെ അദ്ദേഹം ഹനുമാൻഗർഹി ക്ഷേത്രത്തിലും രാമക്ഷേത്രത്തിലും പ്രാർത്ഥനകൾ നടത്തും. നിലവിലുള്ള നിർമ്മാണവും അദ്ദേഹം കാണും. രാമജന്മഭൂമി ക്ഷേത്രത്തിൽ സരയൂ നദിയുടെ തീരത്ത് വൈകുന്നേരം 'ആരതി' നടത്തും.

അയോധ്യയിലെ ദർശകരെ കാണുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്യും. അയോധ്യയിലെ തൻ്റെ ഷെഡ്യൂൾ ചെയ്ത എല്ലാ പരിപാടികളും പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഞായറാഴ്ച മുംബൈയിലേക്ക് മടങ്ങും," മുലായെ പറഞ്ഞു. ക്ഷേത്രനഗരിയിൽ ഒമ്പത് മണിക്കൂറോളം ഷിൻഡെ ചിലവഴിക്കും.

തനിക്കും തൻ്റെ അനുയായികൾക്കും അയോധ്യ അങ്ങേയറ്റം വിശ്വാസമുള്ള സ്ഥലമാണെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞിരുന്നു. ശിവസേന സ്ഥാപകൻ ബാൽ താക്കറെയ്ക്ക് അയോധ്യയിൽ രാമക്ഷേത്രം ഉയരണമെന്ന് ആഗ്രഹമുണ്ടായിരുന്നു, 'ജയ് ശ്രീറാം' വിളികൾക്ക് ഇടയിൽ ഇന്നലെ താനെയിൽ നിന്നും ക്ഷേത്ര നഗരത്തിലേക്ക് ശിവസൈനികരുമായി പ്രത്യേക ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ശിവസൈനികരുമായി മറ്റൊരു ട്രെയിൻ നാസിക്കിൽ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ടതായും ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഈ രണ്ട് ട്രെയിനുകളിലായി മൂവായിരത്തിലധികം ഭക്തർ ക്ഷേത്രനഗരത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്, ഈ ട്രെയിനും ഇന്ന് എത്തുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നതിന് ഒരു വർഷം മുമ്പ് 2018 നവംബർ 25 ന് ശിവസേന നേതാവെന്ന നിലയിൽ ഷിൻഡെ അയോധ്യ സന്ദർശിച്ചിരുന്നു.2020 മാർച്ചിലും കഴിഞ്ഞ വർഷം ജൂണിലും അദ്ദേഹം അയോധ്യ സന്ദർശിച്ചു.

അതേസമയം താനെയിലെ ശിവസേനയിലെ മലയാളി നേതാക്കളായ ശ്രീകാന്ത് നായർ,ജയന്ത് നായർ എന്നിവരും യാത്രയെ അനുഗമിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കെജ്‌രിവാളിന്‍റെ അറസ്റ്റ്: വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിസ്ഥാനത്തുള്ളയാളെ കോടതി വെറുതെ വിട്ടു

ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിയുമ്പോൾ ഇടതുപക്ഷത്തേക്ക് പോയ കേരള കോൺഗ്രസ് എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ്

കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരു മരണം; ഒരാൾക്ക് പരുക്ക്

സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ; രാഹുൽ ഇല്ല