മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

 
Mumbai

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

246 നഗരസഭകളിലേക്കും 42 നഗര പഞ്ചായത്തുകളിലേക്കുമുള്ള വോട്ടെടുപ്പ് ഡിസംബർ 2ന്, വോട്ടെണ്ണൽ ഡിസംബർ 3ന്

Mumbai Correspondent

മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. 246 നഗരസഭകളിലേക്കും 42 നഗര പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഈ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് ഡിസംബർ 2-ന് നടക്കും, വോട്ടെണ്ണൽ ഡിസംബർ 3-ന്. ആദ്യ ഘട്ടത്തിൽ ബൃഹൻമുംബൈ കോർപ്പറേഷൻ (BMC) ഉൾപ്പെടെയുള്ള 29 മുനിസിപ്പൽ കോർപ്പറേഷനുകളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരിയിൽ നടത്താനാണ് സാധ്യത. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സമയത്താണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

സ്വന്തം ലേഖകൻ

മുംബൈ: മാസങ്ങളായി നീളുന്ന രാഷ്ട്രീയ ആകാംക്ഷകൾക്ക് വിരാമമിട്ട്, മഹാരാഷ്ട്രയിലെ 246 നഗരസഭകളിലേക്കും (മുനിസിപ്പൽ കൗൺസിലുകൾ) 42 നഗര പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് വാഗ്മാരെയാണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ അറിയിച്ചത്.

പ്രധാന തീയതികൾ (ഒന്നാം ഘട്ടം)

  • നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നത്: നവംബർ 10

  • നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 17

  • വോട്ടെടുപ്പ് തീയതി: ഡിസംബർ 2

  • വോട്ടെണ്ണൽ: ഡിസംബർ 3

ആകെ 1.07 കോടിയിലധികം വോട്ടർമാർ ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 53.79 ലക്ഷം പുരുഷ വോട്ടർമാരും 53.22 ലക്ഷം സ്ത്രീ വോട്ടർമാരുമുണ്ട്.

BMC തെരഞ്ഞെടുപ്പ് തീയതി പിന്നീട്

മുംബൈ, പൂനെ, താനെ, നാഗ്പൂർ ഉൾപ്പെടെ സംസ്ഥാനത്തെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ കമ്മീഷൻ ആദ്യ ഘട്ട പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) ഉൾപ്പെടെയുള്ള കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ 2026 ജനുവരിയിൽ നടക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. സുപ്രീം കോടതിയുടെ നിർദേശപ്രകാരം 2026 ജനുവരി 31-ന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്.

വോട്ടർപട്ടികയിലെ വിവാദം

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നതിനിടയിലാണ്. വ്യാജ വോട്ടർമാരെയും ഇരട്ട പേരുകളെയും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.

വോട്ടർ പട്ടികയിൽ രണ്ടു വട്ടം വന്ന പേരുകൾ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് വാഗ്മാരെ അറിയിച്ചു. സംശയാസ്പദമായ ഇരട്ട വോട്ടർമാരെ പട്ടികയിൽ 'ഡബിൾ സ്റ്റാർ' ചിഹ്നം നൽകി പ്രത്യേകമായി രേഖപ്പെടുത്തുന്നതിനുള്ള പുതിയ ടൂൾ വികസിപ്പിച്ചതായും കമ്മീഷൻ വ്യക്തമാക്കി. ഓരോ വ്യക്തിയും ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ ഇരട്ട പേരുകളുള്ള വോട്ടർമാരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video

യുഎഇയിൽ ഭൂചലനം