കൃത്രിമദ്വീപൊരുക്കി വിമാനത്താവളം നിര്‍മിക്കാന്‍ മഹാരാഷ്ട്ര
മുംബൈ: രാജ്യത്താദ്യമായി കടലില്‍ കൃത്രിമ ദ്വീപൊരുക്കി വിമാനത്താവളം നിര്‍മിക്കാന്‍ മഹാരാഷ്ട്ര ഒരുങ്ങുന്നു. നിലവിലുള്ള രണ്ട് വിമാനത്താവളങ്ങള്‍ക്ക് പുറമേയാണ് നിര്‍ദിഷ്ട വാഡ്വന്‍ തുറമുഖത്തിന് സമീപം കടലില്‍ വിമാനത്താവളം ഒരുക്കുന്നത്. ജപ്പാനിലും ചൈനയിലും ഉള്ള വിമാനത്താവളങ്ങളുടെ ചുവട് പിടിച്ചാണ് മഹാനഗരത്തില്‍ മൂന്നാമതൊരു വിമാനത്താവളം ഒരുക്കുന്നത്.
വിമാനത്താവളത്തെക്കുറിച്ച് പഠിക്കുന്നതിന് ഏജന്‍സിയെ നിയമിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. നിര്‍ദിഷ്ട നവിമുംബൈ വിമാനത്താവളം സെപ്റ്റംബറില്‍ തുറക്കാനിരിക്കെയാണ് മൂന്നാമതൊരു വിമാനത്താവളം കൂടി നിര്‍മിക്കുന്നത്.
മുന്‍പ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാല്‍ഘറില്‍ വിമാനത്താവളം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പാല്‍ഘറില്‍ ഗുജറാത്ത് തീരത്തിനടുത്ത് കടലില്‍ വിമാനത്താവളം ഒരുക്കുന്നതോടെ ഇരുസംസ്ഥാനങ്ങള്‍ക്കും പ്രയോജനമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് പദ്ധതി പ്രഖ്യാപനം നടത്തിയതും പഠനം ആരംഭിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ വിമാനത്താവളം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ ഇതിനുള്ള കരാറും നല്‍കിയേക്കും.
ലോകത്തെ ഏറ്റവും മികച്ച പത്ത് തുറമുഖങ്ങളില്‍ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന വാഡ്വന്‍ തുറമുഖത്തിന് സമീപത്ത് വിമാനത്താവളം കൂടി വരുന്നതോടെ പുതുഗതാഗതമാതൃക കൂടി സൃഷിടിക്കുന്ന സംസ്ഥാനമാകും മഹാരാഷ്ട്ര. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന്‌റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്.