മുംബൈയിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ ചോർച്ചയിൽ വൻ തീപിടിത്തം
മുംബൈ: അന്ധേരിയിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ ചോർച്ചയിൽ വൻ തീപിടിത്തം. ഞായറാഴ്ച അർധരാത്രി 12.30 നാണ് അന്ധേരി ഈസ്റ്റിലെ തക്ഷിലയിൽ റോഡിന് അടിയിലൂടെ സ്ഥാപിച്ചിരുന്ന എംജിഎൽ ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്. സംഭവത്തിൽ നാല് വാഹനങ്ങൾ കത്തി നശിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
രണ്ട് വാഗൺആർ കാറുകളും ഒരു ഓട്ടോ റിക്ഷയും ഒരു ഇരുചക്ര വാഹനവും തീപിടിത്തത്തിൽ കത്തിനശിച്ചു. രണ്ട് ബൈക്ക് യാത്രക്കാർക്കും ഒരു ഓട്ടോ റിക്ഷ ഡ്രൈവർക്കും അപകടത്തിൽ പൊള്ളലേറ്റു.
അഗ്നിശമന സേന എത്തുന്നതിന് മുൻപു തന്നെ പരുക്കറ്റവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഇവർ നിലവിൽ ജോഗേശ്വരിയിലെ ട്രോമ കെയർ ആശുപത്രിയിൽ ചികിത്സയിലണ്.
ഷെഹറെ പഞ്ചാവ് സൊസൈറ്റിയിലുണ്ടായ തീപിടിത്തം പുലർച്ചെ 1.50ഓടെയാണ് പൂർണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.