Mumbai

അരമതിലിലെ അന്തിച്ചർച്ചകളിൽ തുടങ്ങിയ നാൾ വഴികൾ അയവിറക്കി എൻ ബി കെ എസ് സ്നേഹ സംഗമം

മുംബൈയിലേക്കുള്ള മലയാളിയുടെ കുടിയേറ്റം തുടങ്ങുന്ന എഴുപതുകളിലേയും എൺപതിന്‍റെ തുടക്കത്തിലേയും സഹന കഥകൾ പറയാനുണ്ടായിരുന്നു സമാജത്തിന്‍റെ ഓരോ പഴയ കാല സാരഥികൾക്കും

നവിമുംബൈ: നെരുൾ എന്ന പ്രദേശം മുംബൈക്കാർക്ക് പരിചിതം പോലുമില്ലാത്ത കാലത്ത് വഴിയോരത്തെ ഒരു അരമതിലിൽ ഇരുന്നുള്ള ചർച്ചകളിൽ തുടങ്ങിയ ആശയം. വെറും ആറു പേരുടെ കമ്മിറ്റി രൂപീകരിച്ചാണ് സമാജത്തിന് ആദ്യമായി തുടക്കമിടുന്നത്. ന്യൂ ബോംബെ കേരളീയ സമാജം സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ ആദരവ് ഏറ്റു വാങ്ങി ഓർമ്മകൾ പങ്ക് വയ്ക്കുകയായിരുന്നു എഴുപത്തി ഏഴു പിന്നിട്ട ആദ്യ കാല സാരഥി. മുംബൈയിലേക്കുള്ള മലയാളിയുടെ കുടിയേറ്റം തുടങ്ങുന്ന എഴുപതുകളിലേയും എൺപതിന്‍റെ തുടക്കത്തിലേയും സഹന കഥകൾ പറയാനുണ്ടായിരുന്നു സമാജത്തിന്‍റെ ഓരോ പഴയ കാല സാരഥികൾക്കും.

സെക്ടർ 9ലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുറകിലെ ഷോപ്പിംഗ് സെന്‍റർ കോമ്പൗണ്ട് മതിലിൽ ഇരുന്നുള്ള ആദ്യ കാല യോഗങ്ങൾ മുതിർന്ന അംഗങ്ങൾ ഓർത്തെടുക്കുമ്പോൾ സദസ് കരഘോഷത്തോടെയാണ് അതേറ്റെടുത്തത്. മഹാരാഷ്ട്രയിലെ മലയാളി സമാജങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു വൈകാരികമായ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്.

രാവിലെ പത്തരയ്ക്ക് ചേർന്ന സ്നേഹ സംഗമത്തിൽ ജസ്‌ലോക് ആശുപത്രിയിലെ ജെറിയാട്രിക് മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രേം നരസിംഹൻ, മാധ്യമ പ്രവർത്തകൻ പ്രേംലാൽ (കൈരളി ടി വി, ആംചി മുംബൈ) എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രോഗ്രാം കൺവീനർ കെ ടി നായർ, സമാജം സെക്രട്ടറി പ്രകാശ് കാട്ടാക്കട, പ്രസിഡന്‍റ് കെ എ കുറുപ്പ്, ജ്യോതിഷ് എന്നിവർ വേദി പങ്കിട്ടു.

പ്രായം ഒരു സംഖ്യ മാത്രമാണെന്നും വിശ്രമജീവിതത്തിലും കർമ്മനിരതരാകാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഡോ. പ്രേം നരസിംഹൻ പറഞ്ഞു. ജീവിതശൈലിയിൽ അച്ചടക്കം ശീലമാക്കി ജീവിത സായാഹ്നത്തെ ആഘോഷമാക്കാനുള്ള ശ്രമങ്ങൾ സ്വയം കണ്ടെത്തണമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. പ്രേം വ്യക്തമാക്കി

സ്നേഹവും ബന്ധങ്ങളും മനസിൻ്റെ മതിൽക്കെട്ടിനുള്ളിൽ വീർപ്പുമുട്ടുന്ന ഈ കാലത്ത് മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും തൂവൽസ്പർശമുള്ള ഇത്തരം ഒത്തുകൂടലുകൾ ശ്ലാഘനീയമാണെന്ന് പ്രേംലാൽ പറഞ്ഞു. പഴയകാല പ്രവർത്തകരുടെ അറിവുകളും അനുഭവങ്ങളും സാംശീകരിച്ചു വേണം സമാജത്തിൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെന്ന് പ്രകാശ് കാട്ടാക്കട പറഞ്ഞു.

ആദ്യകാല പ്രവർത്തകരെ ചേർത്ത് പിടിച്ച് സമാജം ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകർന്ന് നൽകുന്നതിനായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് കെ എ കുറുപ്പ് വ്യക്തമാക്കി ഒരു വടവൃക്ഷമായി വളർന്ന എൻ ബി കെ എസിൻ്റെ ആദ്യകാല കമ്മിറ്റി അംഗങ്ങളിൽ പലരെയും സ്നേഹസംഗമത്തിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യം കെ ടി നായർ പങ്ക് വച്ചു.

മൊബൈലും ഇന്‍റർനെറ്റും ഇല്ലാത്തൊരു കാലത്ത് ഒത്തുചേരാനും വിശേഷങ്ങൾ പങ്കു വയ്ക്കാനുമായി രൂപം കൊടുത്ത സമാജം വളർന്ന് പന്തലിച്ച് നഗരത്തിലെ മുൻ നിര മലയാളി സമാജങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുമ്പോൾ സ്നേഹസംഗമ വേദിയിൽ പങ്കെടുത്തവർക്കെല്ലാം അഭിമാന മുഹൂർത്തമായി.

ഡി വൈ പാട്ടീൽ മുൻ വൈസ് ചാൻസലർ ഡോ ജെയിംസ് തോമസ്, റിലയൻസ് ഇന്‍റസ്ട്രീസ് പ്രസിഡന്‍റ് തോമസ് മാത്യു, പി എൻ വിജയകുമാർ, കെ ജി കാർത്തികേയൻ, കെ എസ ബാഹുലേയൻ തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ സമാജത്തിന്‍റെ സജീവ പ്രവർത്തകനായ എസ് കുമാർ മെഡിക്കൽ ഓക്സിജൻ കോൺസെൻട്രേറ്റർ (MOC) സംഭാവന ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികൾക്ക് ആവശ്യമായ സമ്പുഷ്ടമായ ഓക്സിജൻ തുടർച്ചയായി വിതരണം ചെയ്യുന്ന ഉപകരണം സ്വന്തമാക്കുന്ന മുംബൈയിലെ ആദ്യ സമാജമാകും എൻ ബി കെ എസ്. സമാജം അംഗങ്ങൾ അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിന് മിഴിവേകി. മാധ്യമ പ്രവർത്തകൻ പി ആർ സഞ്ജയ് ചടങ്ങുകൾ നിയന്ത്രിച്ചു

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി