ഉസ്താദ് ഖലീല്‍ ഹുദവി
മുംബൈ: നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹിക ഐക്യവും കുടുംബ ബന്ധങ്ങളും തകരുന്ന വിധത്തിലാണ് സ്വതന്ത്ര ചിന്തയും അതിയായ യുക്തിവാദ സമീപനവും യുവതലമുറയില്‍ ശക്തിപ്രാപിക്കുന്നതെന്ന് പ്രശസ്ത പണ്ഡിതനും വാഗ്മിയും ആയ ഉസ്താദ് ഖലീല്‍ ഹുദവി പറഞ്ഞു. ബോംബെ കേരള മുസ്ലിം ജമാഅത്തിന്‍റെ 75-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് മുംബൈ കമ്പെക്കര്‍ സ്ട്രീറ്റിലെ കച്ചി മേമന്‍ ഹാളില്‍ നടന്ന ആത്മീയ സദസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യക്തിനിഷ്ഠമായ യുക്തിചിന്തയാണ് ഭാവിയില്‍ സമൂഹം നേരിടുന്ന വലിയ വെല്ലുവിളി, ഇത് മൂല്യാധിഷ്ഠിത ബന്ധങ്ങളെയും സംയുക്തമായ സാമൂഹിക ജീവിതങ്ങളെയും തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ജമാഅത്ത് പ്രസിഡന്‍റ് ടി.കെ.സി. മുഹമ്മദലി ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ചടങ്ങില്‍ മുംബൈയിലെ പ്രശസ്ത ഡോക്റ്റർമാരെയും ഡോണ്‍ഗ്രി, പൈതുനി പൊലീസ് ഉദ്യോഗസ്ഥരെയും, ജമാഅത്തിന്‍റെ മുന്‍ നേതാക്കളെയും ജമാഅത്ത് ആദരിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ സി.എച്ച്.,വൈസ് പ്രസിഡന്‍റ് എം.എ. ഖാലിദ് മുന്‍ പ്രസിഡന്‍റ് വി.എ. കാദര്‍ ഹാജി, സെക്രട്ടറി അസീം മൗലവി എം.എ. ഖാലിദ് ,മുസ്തഫ കുമ്പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.