മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. നട്ടെല്ലിന് ഉൾപ്പെടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു എന്നു പറയപ്പെടുന്ന നടൻ ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി ഒരു പോറൽ പോലുമേക്കാത്ത ഭാവത്തിൽ നടന്നു പോകുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നത്.
കവർച്ചാ ശ്രമത്തിനിടെയാണ് സെയ്ഫിനെ അക്രമി കുത്തിയതെന്ന് പൊലീസ് പറയുന്നു; കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് തടഞ്ഞപ്പോഴാണ് കുത്തേറ്റതെന്ന് ഭാര്യ കരീന കപൂറും പറയുന്നു. എന്നാൽ, ആശുപത്രി വിട്ട് ആരാധകരെ കൈവീശിക്കാണിച്ച് നടന്നുനീങ്ങുന്ന സെയ്ഫിന്‍റെ ചലനങ്ങളിൽ ഗുരുതര പരുക്കേറ്റതിന്‍റെ ലക്ഷണങ്ങളൊന്നും കാണാനില്ലെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വാദം.
പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കണ്ട പ്രതിയല്ല പിടിയിലായത് എന്നതടക്കം ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ വിവാദം. കാര്യമായി എന്തോ മറയ്ക്കാനുള്ള ശ്രമം ഈ കേസിൽ നടക്കുന്നുണ്ടെന്നും ചിലർ ആരോപിക്കുന്നു.
ഇത് എന്തോ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നു വരെ ആരോപണം ഉയർന്നിട്ടുണ്ട്. നടന് കുത്തേറ്റപ്പോൾ വീട്ടിലുണ്ടായിരുന്ന ഭാര്യ എന്തു ചെയ്തു എന്നും, അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാതെ, മകനൊപ്പം ഓട്ടോ റിക്ഷയിൽ കയറ്റിവിട്ടതെന്തിനാണെന്ന് എന്നുമെല്ലാം ചോദ്യങ്ങൾ ഉയരുകയാണ്.
അതേസമയം, ആശുപത്രിയിൽനിന്നിറങ്ങുന്ന സെയ്ഫിന്‍റെ കഴുത്തിൽ ചെറിയ മുറിപ്പാടും കൈയിൽ ബാൻഡേജും കാണാനുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ സൗന്ദര്യമാണ് അദ്ദേഹത്തിന് ഇത്രവേഗം സുഖം പ്രാപിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് സർജൻ അമിത് തഡാനി അഭിപ്രായപ്പെടുന്നു. നട്ടെല്ലിനു പരുക്കേറ്റാലും ഒറ്റ ദിവസം കൊണ്ട് എഴുന്നേറ്റു നടക്കാൻ സാധിക്കുന്നതിൽ അദ്ഭുതമൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.