കനത്ത മഴയിൽ എൽപിജി ബോട്ടിലിങ് പ്ലാന്‍റിൽ വെള്ളം കയറി, 3,000 സിലിണ്ടറുകൾ ഒഴുകിപ്പോയി
റായ്ഗഡ്: മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് ലഭിക്കുന്നത്. റായ്ഗഡ് മേഖലയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്‍റെ പ്ലാന്‍റിൽ വെള്ളം കയറിയതിനെതുടർന്ന് 3000 ത്തോളം ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി.
കനത്ത മഴയെത്തുടർന്ന് പ്ലാന്‍റിന്‍റെ സുരക്ഷാ മതിൽ തകരുകയും പ്രളയജലം അതിശക്തമായി പ്ലാന്‍റിനുള്ളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ഇതോടെ പ്ലാന്‍റിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലേക്കും അടുത്തുള്ള കായലിലേക്കും ഒഴുകിപ്പോയി.
ഒഴുകിപ്പോയ സിലണ്ടറുകളിൽ പലതിലും വാതകം നിറച്ചിട്ടുണ്ട്. വളരെ അപകടം നിറഞ്ഞ അവസ്ഥയാണിതെന്ന് അധികൃതർ പറയുന്നു. ഗ്യാസ് സിലണ്ടറുകൾ കണുന്നവർ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും അവ എടുക്കാനോ ഉപയോഗിക്കാമോ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് പലരും ഗ്യാസ് സിലണ്ടറുകൾ വീടുകളിലേക്കും മറ്റും കൊണ്ടുപോവുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.