വയനാട് മണ്ണിടിച്ചിൽ ദുരന്തം; കാണാതായ 4 പേരുടെ മൃതദേഹം കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം ഏഴായി

ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദീന്‍ അന്‍സാരി എന്നിവരുടെയും തിരിച്ചറിയാനാവാത്ത മറ്റൊരാളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്
four more body recovered from the Kalladi landslide

കള്ളാടി മണ്ണിടിച്ചിലിൽ 4 മൃതദേഹങ്ങൾ കൂടി കണ്ടെത്തി

Updated on

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ നിർമാണ പ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ നാലു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മീനാക്ഷി പുഴയുടെ സമീപത്തു നിന്ന് വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.

എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, സര്‍വേയറായ ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദീന്‍ അന്‍സാരി എന്നിവരുടെയും തിരിച്ചറിനാവാത്ത മറ്റൊരാളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി.

മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ നാലു സോണുകളാക്കി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഇതിൽ ഒന്നാമത്തെ സോണിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഹിറ്റാച്ചി ഓപ്പറേറ്ററായ മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൽ പാൽ (37), ഫോർമാനായ ബിഹാർ സ്വദേശി ബികാസ് കുമാർ സിങ് (40), ജാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

ഇതേ സോണിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് രക്ഷാപ്രവർത്തകർ. കണ്‍സ്ട്രക്ഷന്‍ മാനേജരായ ഹിമാചല്‍ പ്രദേശ് സ്വദേശി വിക്രം റാണ, സര്‍വേയറായ പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുച്ചൈത് എന്നിവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. റവന്യൂമന്ത്രി എ.പി. അനിൽ കുമാർ രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം ദുരന്തത്തില്‍ മരിച്ച മൂന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ എംബാം ചെയ്ത് കരാര്‍ കമ്പനിയായ ദിലീപ് ബിഡ്‌കോണിന് കൈമാറി.

logo
Metro Vaartha
www.metrovaartha.com