വൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരമില്ല
ന്യൂഡല്‍ഹി: ഇന്ത്യയിലെ കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളില്‍ മൂന്നിലൊന്ന് ഭാഗവും വളരെ കുറഞ്ഞ ഇന്ധനശേഖരവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കടുത്ത ചൂട് കാരണം വൈദ്യുതിക്കുള്ള ആവശ്യം ഉയര്‍ന്ന നിലയില്‍ തുടരുന്നതാണ് കല്‍ക്കരി ശേഖരത്തില്‍ കുറവ് വരാന്‍ കാരണമായിരിക്കുന്നത്. ഇതിനുപുറമെ ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ പ്രധാന കല്‍ക്കരി ഉത്പാദക സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം മണ്‍സൂണില്‍ പെയ്ത കനത്ത മഴ ഖനന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും, താപവൈദ്യുത നിലയങ്ങളിലേക്കുള്ള കല്‍ക്കരി ഗതാഗതം മന്ദഗതിയിലാക്കുകയും ചെയ്തു.വൈദ്യുതിക്കുള്ള ആവശ്യം ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തില്‍ കല്‍ക്കരി വിതരണത്തിലുണ്ടായ തടസം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.
ഇന്ത്യയില്‍ ഇപ്പോഴത്തെ വൈദ്യുതിക്കുള്ള ഡിമാന്‍ഡ് റെക്കോര്‍ഡ് നിലയായ 270.70 ജിഗാവാട്ടിന് (GW) അടുത്തെത്തി നില്‍ക്കുകയാണ്. മേയ് മാസത്തില്‍ ഈ നില രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈദ്യുതി ഡിമാന്‍ഡ് സ്ഥിരമായി 267 ഗിഗാവാട്ടിന് അടുത്താണ് എത്തിനില്‍ക്കുന്നത്. സെന്‍ട്രല്‍ ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം കല്‍ക്കരി ശേഖരം തീരെ കുറഞ്ഞ നിലയിലുള്ള വൈദ്യുത നിലയങ്ങളുടെ എണ്ണം ഓഗസ്റ്റ് അവസാനത്തിലെ 45ല്‍ നിന്ന് സെപ്റ്റംബര്‍ 9 എത്തിയപ്പോള്‍ 59 ആയിരിക്കുകയാണ്. പകല്‍ സമയത്തെ വൈദ്യുതിക്കുള്ള ഡിമാന്‍ഡിന്‍റെ വലിയൊരു ഭാഗം ക്ലീന്‍ എനര്‍ജി, പ്രത്യേകിച്ച് സൗരോര്‍ജ്ജത്തിന്‍റെ പിന്‍ബലത്തില്‍ നിറവേറ്റുന്നുണ്ടെങ്കിലും പരിമിതമായ ബാറ്ററി സംഭരണശേഷിയും ജലസംഭരണികളിലെ കുറഞ്ഞ ജലനിരപ്പും കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിന്മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതിനകം കല്‍ക്കരിയുടെ വിതരണം വര്‍ധിപ്പിച്ചിട്ടുണ്ട്. വൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണം മെച്ചപ്പെടുത്തുന്നതിനായി റെയ്ല്‍ വഴി വിതരണം ചെയ്യുന്ന കല്‍ക്കരി വാഗണുകളുടെ എണ്ണം 370ല്‍ നിന്ന് സെപ്റ്റംബര്‍ 6ഓടെ 444 ആയി ഇന്ത്യ ഉയര്‍ത്തി.
മുക്കാല്‍ ഭാഗവും കല്‍ക്കരിയെ ആശ്രയിച്ച്
ഇന്ത്യയുടെ വൈദ്യുതി ഉത്പാദനത്തിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗവും കല്‍ക്കരിയെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാല്‍, താപവൈദ്യുത നിലയത്തിലേക്ക് കല്‍ക്കരി വിതരണത്തിലുണ്ടാകുന്ന തടസം വൈദ്യുതി ഉത്പാദനത്തെയും ഗ്രിഡിന്‍റെ പ്രവര്‍ത്തനക്ഷമതയെയും സമ്മര്‍ദ്ദത്തിലാക്കും. എന്നാല്‍ ഇന്ത്യ കല്‍ക്കരി ക്ഷാമം നേരിടുന്നതായി സര്‍ക്കാര്‍ സൂചനയൊന്നും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരായ 'കോള്‍ ഇന്ത്യ'യുടെ പക്കല്‍ ഏകദേശം 76 ദശലക്ഷം ടണ്‍ കല്‍ക്കരിയുടെ ശേഖരം ഇപ്പോഴുമുണ്ട്. ഖനികളില്‍ നിന്ന് വൈദ്യുത നിലയങ്ങളിലേക്ക് കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നതിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.