ഇന്ത്യ– യൂറോപ്യൻ യൂണിയൻ കരാർ
file photo
രാജേഷ് അഗർവാൾ
സിൽക്ക് റൂട്ടിലൂടെയുള്ള വ്യാപാരം ആരംഭിക്കുന്നതിനു മുമ്പ്, ബിസി 250 മുതൽ തന്നെ, ഇന്ത്യയ്ക്ക് യൂറോപ്പുമായി സമ്പന്നവും സുശക്തവുമായ വ്യാപാരബന്ധം നിലനിന്നിരുന്നു. ഏകദേശം 2000 വർഷത്തോളം ഇന്ത്യൻ മസ്‌ലിൻ തുണിത്തരങ്ങൾ, പരുത്തി, കരകൗശല വസ്തുക്കൾ, സുഗന്ധ വ്യഞ്ജനങ്ങൾ, മരതകങ്ങൾ, രത്നങ്ങൾ എന്നിവ അന്താരാഷ്‌ട്ര വിപണിയിൽ ഏറെ ആവശ്യകതയുള്ള വിലപ്പെട്ട വ്യാപാരവസ്തുക്കളായിരുന്നു.
ഇവയിൽ ഭൂരിഭാഗവും യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയും, അതിന് പകരമായി വൻതോതിൽ സ്വർണവും വെള്ളിയും ഇന്ത്യയിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഇന്ത്യ- യൂറോപ്പ് വ്യാപാരത്തിന്‍റെ സുവർണകാലമായിരുന്നു അത്. ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ വ്യാപാരബന്ധങ്ങളിലൊന്നായി അത് വിശേഷിപ്പിക്കപ്പെടുന്നു.
2007ലാണ് സമഗ്രമായ ഒരു സ്വതന്ത്ര വ്യാപാര കരാറിലൂടെ ഈ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എന്നാൽ, വിവിധ വിഷയങ്ങളിൽ ഇരുപക്ഷത്തിന്‍റെയും നിലപാടുകളിൽ ഉണ്ടായിരുന്ന പ്രകടമായ വ്യത്യാസങ്ങൾ കാരണം 2013ൽ ചർച്ചകൾ താൽക്കാലികമായി ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് 2022ൽ ചർച്ചകൾ പുനരാരംഭിച്ചു. അനേകം വെല്ലുവിളികളും സങ്കീർണതകളും നിലനിന്നിട്ടും, ഇരുപക്ഷത്തെയും നേതാക്കളുടെ ശക്തമായ രാഷ്‌ട്രീയ പ്രതിബദ്ധതയും ദീർഘവീക്ഷണവും മൂലം ഈ കരാർ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.
ഇരുപക്ഷവും ധാരണയിലെത്തിയ ഈ വ്യാപാര കരാർ, കൂടുതൽ ദുർബലമാകുന്ന ആഗോള സാമ്പത്തിക ക്രമത്തിൽ നിയമാധിഷ്ഠിതമായ വ്യാപാര ബന്ധങ്ങളുടെ പുനഃസ്ഥാപനത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. വിഷയങ്ങളുടെ ആഴവും പരപ്പും പരിഗണിക്കുമ്പോൾ, ഒരേസമയം കഠിനവും അതീവ സങ്കീർണവുമായ വിഷയങ്ങളിൽ ഇരുപക്ഷത്തിനും യോജിപ്പിലെത്താൻ കഴിഞ്ഞതിനാൽ ഈ കരാർ ചരിത്രപരമായ പ്രാധാന്യം കൈവരിക്കുന്നു.
ഏറ്റവും നിർണായകമായ വ്യാപാര കരാർ
ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സമീപകാലത്ത് അന്തിമമാക്കിയവയിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്ന വ്യാപാര കരാറുകളിലൊന്നാണ്. ഏകദേശം 200 കോടി ജനങ്ങളെയും, ആഗോള ജിഡിപിയുടെ ഏകദേശം 25 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 28 രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ഈ കരാർ, ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലകളിലൊന്നായി മാറിയിരിക്കുന്നു. ഒപ്പം, നിലവിലുള്ള പ്രശ്‌നങ്ങളും പുതുതായി ഉയർന്നുവരുന്ന ആശങ്കകളും കൈകാര്യം ചെയ്യുന്നതിൽ ഈ കരാർ ആധുനികവും നൂതനവുമായ ഒരു സമീപനം സ്വീകരിക്കുന്നു.
വ്യാപാര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും, കാലികവും അർഥവത്തുമായ വിഷയങ്ങളും കരാറിന്‍റെ കേന്ദ്ര ഘടകങ്ങളാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും വിപണി പ്രവേശനം സുഗമമാക്കുകയും നിയന്ത്രണ തടസങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന മാതൃകാപരമായ കരാറാണ് അവതരിപ്പിക്കുന്നത്; ഇതിലൂടെ പരമ്പരാഗത വിഷയങ്ങളെ നൂതന ഘടകങ്ങളുമായി സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, പങ്കാളി രാജ്യങ്ങളിൽ ഗണ്യമായ സംസ്ക്കരണം അല്ലെങ്കിൽ ഉത്പാദനം നടന്ന ഉത്പന്നങ്ങൾക്കു മാത്രമേ ഉത്ഭവ രാജ്യമെന്ന ആനുകൂല്യം ലഭിക്കൂ എന്ന് ഉത്ഭവ നിയമങ്ങളെക്കുറിച്ചുള്ള അധ്യായം ഉറപ്പാക്കുന്നു.
നിലവിലുള്ളതും ഉയർന്നു വരുന്നവുമായ വിതരണ ശൃംഖലകളോട് പൊരുത്തപ്പെടുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത വിശദവും സങ്കീർണവുമായ ഉത്പന്ന-നിർദ്ദിഷ്ട നിയമങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇതോടൊപ്പം, സാങ്കേതികവിദ്യാ കൈമാറ്റവും വിവര വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകിയിട്ടുണ്ട്. കരാർ ബൗദ്ധിക സ്വത്തവകാശ സംരക്ഷണങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ചരക്ക്, സേവന വിപണിയും അവസരങ്ങളും
ഇരുപക്ഷത്തെയും വിശാലവും വൈവിധ്യമാർന്നതുമായ വിപണികൾ പരസ്പരം തുറന്ന് നൽകുക എന്നതാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിന്‍റെ 99 ശതമാനത്തിലധികം വരുന്ന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപണി പ്രവേശനം ഈ കരാർ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ കയറ്റുമതിമൂല്യത്തിന്‍റെ കുറഞ്ഞത് 90 ശതമാനത്തോളം ഉത്പന്നങ്ങൾക്ക്, കരാർ പ്രാബല്യത്തിൽ വന്ന ഉടൻ തന്നെ, തീരുവ ഇളവ് ചെയ്യപ്പെടും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ, മരം-തടി കരകൗശല വസ്തുക്കൾ, സമുദ്രോത്പന്നങ്ങൾ എന്നിവയുള്‍പ്പെടുന്ന അധ്വാനം കൂടുതലുള്ള തൊഴിൽപ്രധാന മേഖലകൾക്ക് ഈ കരാർ ആരംഭഘട്ടത്തിൽ തന്നെ ഗണ്യമായ നേട്ടങ്ങൾ സമ്മാനിക്കും.
അതേസമയം, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, ധാതുക്കൾ തുടങ്ങിയ ഒപ്പം, ഊർജ്ജസ്വലമായ യൂറോപ്യൻ യൂണിയൻ പൊതു വിപണിയിൽ കയറ്റുമതി വൈവിധ്യവത്കരിക്കാൻ കരാർ പുതിയ അവസരങ്ങൾ തുറന്നു നൽകുന്നു. യൂറോപ്യൻ യൂണിയന്‍റെ ഓട്ടോമൊബൈൽ ഉത്പന്നങ്ങൾക്ക് ഇന്ത്യ വിപണി പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും, അത് താരിഫ് ക്വോട്ടകൾ മുഖേന ഘട്ടംഘട്ടമായും സൂക്ഷ്മമായി ക്രമീകരിച്ചുമാണ് നടപ്പാക്കുന്നത്.
അതുപോലെ, യൂറോപ്യൻ യൂണിയന്‍റെ വൈനുകൾക്ക് ഇന്ത്യ നൽകുന്ന ഇളവുകൾ, ആഭ്യന്തര വ്യവസായത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഉയർന്ന വിലയുള്ള വിഭാഗങ്ങളിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര ബന്ധത്തിൽ സേവനവ്യാപാരം ഗണ്യവും ദീർഘകാലീനവുമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു.
ഈ കരാറിന്‍റെ ഭാഗമായി, 144 സേവന മേഖലകളിലായി ഇന്ത്യയ്ക്ക് യൂറോപ്യൻ യൂണിയനിൽ നിന്ന് ഉറപ്പുകൾ ലഭിച്ചിട്ടുണ്ട്-ഇത് സേവനവ്യാപാര രംഗത്ത് ഇദപര്യന്തം സംഭവിക്കാത്ത ഒരു നേട്ടമാണ്. കൂടാതെ, മൊബിലിറ്റിയെക്കുറിച്ചുള്ള പ്രത്യേക അധ്യായം പ്രൊഫഷണലുകളുടെയും കരാർ സേവനദാതാക്കളുടെയും താൽക്കാലിക പ്രവേശനവും താമസവും കൂടുതൽ സുഗമവും ഉറപ്പുള്ളതുമാക്കുന്നു. ഇതിലൂടെ, ഇന്ത്യയിലെ നൈപുണ്യമുള്ള സേവന വിദഗ്ധർക്ക് യൂറോപ്യൻ യൂണിയൻ വിപണിയിൽ സ്ഥിരതയോടെ സാന്നിധ്യം ഉറപ്പിക്കാൻ പുതുവഴികൾ തുറക്കുന്നു.
സാമ്പത്തിക സേവനങ്ങളെക്കുറിച്ചുള്ള അനുബന്ധം, ഇലക്ട്രോണിക് പേയ്‌മെന്‍റ് സംവിധാനങ്ങളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. യുപിഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനങ്ങളിലെ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഇതിൽ പ്രത്യേകം പരിഗണിച്ചിരിക്കുന്നു. അതുപോലെ, ആയുഷ് ഉൾപ്പെടെയുള്ള പരമ്പരാഗത വൈദ്യശാസ്ത്ര മേഖലകളിലെ ചികിത്സകർക്ക്, യൂറോപ്യൻ യൂണിയനിൽ അവരുടെ സേവനങ്ങൾ കൂടുതൽ വ്യക്തതയോടെയും ഉറപ്പോടെയും നൽകുന്നതിനുള്ള അവസരങ്ങളും ഈ കരാർ സൃഷ്ടിക്കുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരം
രണ്ട് വലിയ വിപണികൾ തമ്മിലുള്ള സ്വതന്ത്രവും നീതിയുക്തവും പരസ്പര പ്രയോജനകരവുമായ ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് സ്വതന്ത്ര വ്യാപാര കരാറിന്‍റെ പ്രധാന ലക്ഷ്യം. സുസ്ഥിരതാ ആശങ്കകളുമായി ബന്ധപ്പെട്ട്, വ്യാപാരവും സുസ്ഥിര വികസനവും ചേർന്നുള്ള അധ്യായം സഹകരണത്തിന്‍റെ പുതിയ മാതൃകയായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.
ഇത്, ഇരുകക്ഷികളുടെയും തൊഴിൽ, പരിസ്ഥിതി മാനദണ്ഡങ്ങൾ നേരിട്ട് സമന്വയിപ്പിക്കാതെ, വ്യാപാരബന്ധങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യത്തെ സമഗ്രമായി സംയോജിപ്പിക്കുന്നു. നയപരമായ സംഭാഷണം, സാങ്കേതിക സഹായം, സാമ്പത്തിക ഉപകരണങ്ങൾ, വിഭവ സമാഹരണം എന്നിവയിൽ കേന്ദ്രീകൃതമാണ് ഈ കരാർ.
കൂടാതെ, ദ്രുത പ്രതികരണ സംവിധാനം, അനുവർത്തന ലംഘന പരാതികൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ, ചില നയ നടപടികളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ സഹായിക്കുന്ന ഉത്പന്ന- നിർദ്ദിഷ്ട നടപടികൾ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ഇരുപക്ഷം സഹകരിച്ച് രൂപകൽപ്പന ചെയ്തിട്ടുണ്ട്.
ക്ഷീര, കാർഷിക മേഖലകൾ അടക്കമുള്ള പ്രധാന മേഖലകളുടെ ആശങ്കകൾ പരിഹരിച്ചും താത്പര്യങ്ങൾ പരിരക്ഷിച്ചും വിപണി തുറന്ന് നൽകുക എന്നതാണ് യഥാർഥ വെല്ലുവിളി. ചെറുകിട, നാമമാത്ര കർഷകരുടെയും ചില വ്യവസായ വിഭാഗങ്ങളുടെയും വരുമാന, ഉപജീവന ആശങ്കകളായിരുന്നു നമ്മുടെ മനസിൽ പ്രധാനമായും ഉണ്ടായിരുന്നത്. നീതിയുക്തമായ വിലയിരുത്തലിൽ, ഈ കാര്യങ്ങളിലെല്ലാം യൂറോപ്യൻ യൂണിയൻ വളരെയധികം മെയ്‌വഴക്കം പ്രകടിപ്പിച്ചു എന്ന് കാണാം.
വ്യാപാര കരാർ തന്ത്രങ്ങൾക്ക് അനുപൂരകം
വിതരണ ശൃംഖലയിലെ പ്രതിസന്ധിയുടെയും തടസങ്ങളുടെയും ഈ കാലഘട്ടത്തിൽ, ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ, ഇന്ത്യ- യുകെ കരാർ, ഇഎഫ്ടിഎ അടക്കമുള്ള മറ്റ് സമഗ്ര വ്യാപാര കരാറുകളിൽ നിന്നുള്ള നേട്ടങ്ങൾക്ക് അനുപൂരകമായി വർത്തിക്കും. 2021 മുതൽ, ഇന്ത്യ 9 സമഗ്ര വ്യാപാര കരാറുകൾ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ അന്തിമമാകും വിധം നിരവധി പ്രധാന സാമ്പത്തിക പങ്കാളിത്ത കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ വിജയകരമായി പൂർത്തിയാക്കിയത്, ഇന്ത്യയുടെ പുതിയ സാമ്പത്തിക- വ്യാപാര ഇടപെടലുകൾ വേഗത്തിലാക്കുന്നതിനുള്ള ഉത്തേജകമായി വർത്തിക്കും.
അനിശ്ചിതവും അസ്ഥിരവുമായ ആഗോള സമ്പദ്‌വ്യവസ്ഥയിൽ, വിപുലമായ വിപണി പ്രവേശനം, സാമ്പത്തിക സമന്വയം, തന്ത്രപരമായ സ്വയംഭരണം, പ്രതിരോധ ശേഷി എന്നിവ കൈവരിക്കുന്ന ഒരു പ്രധാന ഘട്ടമെന്ന നിലയിലാണ് ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വിഭാവനം ചെയ്തിരിക്കുന്നത്.
സാമ്പത്തിക ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നതുപോലെ, നീതിയുക്തവും നിയമാധിഷ്ഠിതവും പ്രവചനക്ഷമവുമായ നിയമ ചട്ടക്കൂടുകളും സ്ഥാപനങ്ങളും ഉരുത്തിരിയുന്ന സാഹചര്യത്തിലാണ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിലൂടെ യഥാർഥ സാമ്പത്തിക വളർച്ച കൈവരിക്കാനാവുന്നത്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ കാലം തെളിയിച്ച ഈ തത്വം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നു.
(കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ വാണിജ്യ സെക്രട്ടറിയാണ് ലേഖകൻ).