സത്യപ്രതിജ്ഞയ്ക്കെത്തുന്ന അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി.
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ അണ്ണാ ഡിഎംകെ പിളർപ്പിലേക്കെന്നു സൂചന. ഇന്നലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് പാർട്ടി അംഗങ്ങൾ രണ്ടു ഗ്രൂപ്പായാണു നിയമസഭയിലെത്തിയത്.
പാർട്ടി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമിയും മുൻ മന്ത്രിമാരായ കെ.പി. മുനുസ്വാമിയും തലവൈ എൻ. സുന്ദരവും അടങ്ങുന്ന ഒരു ഗ്രൂപ്പ് ആദ്യമെത്തി സത്യപ്രതിജ്ഞ ചെയ്തു. മുൻ മന്ത്രിമാരായ എസ്.പി. വേലുമണിയും ഡോ. സി. വിജയഭാസ്കറും അടങ്ങുന്ന മറ്റൊരു സംഘം പിന്നാലെയെത്തി സത്യപ്രതിജ്ഞ ചെയ്തു. മറ്റൊരു മുൻ മന്ത്രി സി.വി. ഷൺമുഖം ഇവരിൽ നിന്നെല്ലാം അകന്നു നിന്നു.
സാധാരണ അണ്ണാ ഡിഎംകെ എംഎൽഎമാർ സഭാ കവാടത്തിൽ ഒരുമിച്ചു കൂടിയ ശേഷം ഒന്നിച്ചാണു സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നത്. 47 എംഎൽഎമാരാണ് പാർട്ടിക്കുളളത്. പാർട്ടി ഒറ്റക്കെട്ടാണെന്നും ആർക്കും പിളർത്താനാവില്ലെന്നും എംഎൽഎ ഇശക്കി സുബ്ബയ്യ പറഞ്ഞു.
വേലുമണിയും വിജയഭാസ്കറും ഷൺമുഖവുമടങ്ങുന്ന മുതിർന്ന നേതാക്കൾ നടനും മുഖ്യമന്ത്രിയുമായ വിജയിന്‍റെ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കണമെന്ന നിലപാടുള്ളവരാണെന്നാണ് അണ്ണാ ഡിഎംകെ വൃത്തങ്ങൾ നൽകുന്ന സൂചന. 30-36 എംഎൽഎമാർ ഇവർക്കൊപ്പമുണ്ട്. എന്നാൽ പളനിസ്വാമി ഇതിനു തയാറല്ല. ടിവികെയ്ക്ക് പിന്തുണ നൽകിയാൽ 8 മുതൽ 12 വരെ മന്ത്രിസ്ഥാനങ്ങൾ അണ്ണാ ഡിഎംകെയ്ക്കു ലഭിക്കുമെന്നാണ് റിപ്പോർട്ട്.