4 കോടി നഷ്ടപരിഹാരം തേടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും
മുംബൈ: യൂട്യൂബിനും ഗൂഗിളിനുമെതിരേ മാനനഷ്ടക്കേസ് നൽകി ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. എഐ അടിസ്ഥാനമാക്കിയുള്ള ഡീപ്ഫേക്ക് വീഡിയോകളുടെ പ്രചരണം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും നടപടി.
ദേശിയ മാധ്യമത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിളിനും യൂട്യൂബിനും എതിരേ 450,000 ഡോളർ (ഏകദേശം ₹4 കോടി) നഷ്ടപരിഹാരവും ഇത്തരം ചൂഷണം തടയുന്നതിന് സ്ഥിരമായ ഒരു ഇൻജക്ഷൻ ആവശ്യപ്പെടുന്നു.
"ലൈംഗികത പ്രകടമാക്കുന്ന", അല്ലെങ്കിൽ "സാങ്കൽപ്പികമായ" എഐ ഉള്ളടക്കങ്ങളുള്ള നിരവധി യൂട്യൂബ് വീഡിയോകളുടെ ലിങ്കുകളും സ്ക്രീൻഷോട്ടുകളും അടക്കം പരാതിക്കൊപ്പം താരങ്ങൾ നൽകിയിട്ടുണ്ട്. യൂട്യൂബിന്‍റെ ഉള്ളടക്കവും മൂന്നാം കക്ഷി പരിശീലന നയങ്ങളും ആശങ്കാജനകമാണെന്ന് അഭിനേതാക്കൾ വാദിക്കുന്നു.
തന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് സെപ്റ്റംബർ ആദ്യം തന്നെ ഐശ്വര്യയും അഭിഷേകും സമാനമായ ഹർജികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. വീഡിയോകളിലും പരസ്യങ്ങളിലും തങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിന് പുറമേയാണ് വീണ്ടും ഇരുവരും ഹർജി സമർപ്പിച്ചിരിക്കുന്നത്.