അജിത് പവാറും സുനേത്രയും, പാർഥ് പവാർ
മുംബൈ: വിമാനാപകടത്തിൽ വിടപറഞ്ഞ എൻസിപി നേതാവ് അജിത് പവാറിന്റെ പിൻഗാമിയാകാൻ ഭാര്യ സുനേത്ര പവാർ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ചുമണിയോടെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.
ഇതിനോടൊപ്പം അവർ പാർട്ടി അധ്യക്ഷ സ്ഥാനവും ഏറ്റെടുക്കുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) വൃത്തങ്ങൾ അറിയിച്ചു. രാജ്ഭവനിൽ ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നിയമസഭാംഗത്വം നേടുന്നതിന്‍റെ ഭാഗമായി സുനേത്ര ബാരാമതി മണ്ഡലത്തിൽനിന്ന് ജനവിധി തേടും. അജിത് പവാറായിരുന്നു ബാരാമതിയുടെ എംഎൽഎ.
അതിനിടെ അജിത് പവാറിന്റെ മൂത്തമകൻ പാർഥ് രാജ്യസഭാ എംപിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമാണ് സുനേത്ര. എംപി സ്ഥാനം രാജിവെച്ച് അവർ ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതോടെ പാർഥിനെ രാജ്യസഭയിലെത്തിക്കാനാണ് എൻസിപി നീക്കം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽനിന്ന് പാർഥ് പവാർ മത്സരിച്ചിരുന്നുവെങ്കിലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല.