ആഭ്യന്തര മന്ത്രി അമിത് ഷാ.
File
ന്യൂഡൽഹി: ചെങ്കോട്ട മെട്രൊ സ്റ്റേഷന് സമീപം കാർ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഡൽഹി പൊലീസ് മേധാവിയോടും ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഡയറക്റ്ററോടും അദ്ദേഹം സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞു.
അന്വേഷണത്തിന് സഹായം നൽകാനും തെളിവുകൾ ശേഖരിക്കാനും വിദഗ്ധ സംഘങ്ങളെ സ്ഫോടന സ്ഥലത്തേക്ക് ഉടൻ അയക്കാൻ ദേശീയ സുരക്ഷാ ഗാർഡ് (NSG), ദേശീയ അന്വേഷണ ഏജൻസി (NIA), ഫൊറൻസിക് സയൻസസ് മേധാവികൾക്ക് ഷാ നിർദേശം നൽകി.
ഡൽഹി പൊലീസ് കമ്മീഷണർ, ഐബി ഡയറക്റ്റർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരുമായി അമിത് ഷാ ആശയവിനിമയം നടത്തി. സ്ഫോടനത്തെക്കുറിച്ചും നിലവിലുള്ള സാഹചര്യം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു.
ഭീകരവാദ കേസുകളിൽ അനുഭവപരിചയമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി NIA സംഘവും സ്ഫോടകവസ്തു വിദഗ്ധരെ ഉൾപ്പെടുത്തി NSG സംഘവും സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിക്കാൻ സ്ഥലത്തെത്തി.
തിങ്കളാഴ്ച വൈകുന്നേരം തിരക്കേറിയ സമയത്താണ് ചെങ്കോട്ട മെട്രൊ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ തീവ്രത കൂടിയ സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾ കത്തിനശിച്ച സ്ഫോടനത്തിൽ കുറഞ്ഞത് ഒമ്പത് പേർ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാനും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത പാലിക്കാനും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.