യമുന നദിയിൽ മറിഞ്ഞ കരസേനയുടെ ബോട്ട്
ന്യൂഡൽഹി: യമുന നദിയിൽ പരിശീലനത്തിനിടെ കരസേനയുടെ സൈനിക ബോട്ട് മറിഞ്ഞ് രണ്ട് സൈനികരെ കാണാതായി. ഹരിയാനയിലെ യമുനാനഗർ ജില്ലയിലെ ഹത്നികുണ്ട് അണക്കെട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കരസേനയുടെ സ്പെഷ്യൽ ഫോഴ്സ് വിഭാഗമായ 1 പാരാ കമാൻഡോഴ്സിലെ സൈനികരെയാണ് കാണാതായത്. അഞ്ച് സൈനികർ അടങ്ങുന്ന സംഘം നദിയിൽ രാത്രികാല പരിശീലനത്തിൽ ഏർപ്പെട്ടിരിക്കെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടർന്ന് ഇവരുടെ ബോട്ട് മറിയുകയായിരുന്നു. ബോട്ട് മറിയാതിരിക്കാൻ സൈനികർ പരമാവധി ശ്രമിച്ചെന്നും എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ ഒഴുകിപ്പോയെന്നും പ്രതിരോധ വക്താവ് പറഞ്ഞു. മറ്റുള്ള മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
വിവരമറിഞ്ഞതിനു പിന്നാലെ കരസേന, വ്യോമസേന, ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന, പൊലീസ് എന്നിവർ സംയുക്തമായി തെരച്ചിൽ ആരംഭിച്ചു. എന്നാൽ സൈനികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വ്യോമ നിരീക്ഷണവും നടത്തുന്നുണ്ട്. തെരച്ചിൽ എളുപ്പമാക്കാനായി കരസേനയുടെ അഭ്യർഥനയെ തുടർന്ന് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിന്‍റെ അളവ് ഹരിയാന ജലവകുപ്പ് കുറച്ചിട്ടുണ്ട്.