

വി.ഡി. സതീശൻ
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ കാലഘട്ടത്തിൽ കാലാവധി തീരുന്ന 18 അധ്യാപക തസ്തികകളിലെ ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കാണ് നീട്ടുക.
മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അധ്യാപക നിയമനം ആവശ്യപ്പെട്ട് സമരം നടത്തിയിരുന്ന ഉദ്യോഗാർഥികളുമായി നടത്തിയ ചർച്ചയിൽ ലിസ്റ്റിന്‍റെ കാലാവധി നീട്ടുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. അതിനു പിന്നാലെയാണ് വിഷയത്തിൽ മന്ത്രിസഭ തീരുമാനമെടുത്തത്.
2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് വളരെ കുറച്ചു നിയമനം മാത്രമേ നടന്നിട്ടുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചാണ് സമരം നടത്തിയിരുന്നത്. അനുഭാവപൂർവം നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയതിനു പിന്നാലെയാണ് സമരക്കാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്.