കരസേന മേധാവി ജനറൽ ധീരജ് സേത്ത്
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല പ്രതിരോധ പങ്കാളിത്തവും സൈനിക സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് റഷ്യയിൽ ത്രിദിന സന്ദർശനം ആരംഭിച്ചു. സെപ്റ്റംബർ 16 മുതൽ 18 വരെയാണ് സന്ദർശനം.
റഷ്യൻ കരസേനയുടെ കമാൻഡർ ഇൻ ചീഫ് കേണൽ ജനറൽ ആന്ദ്രേ നിക്കൊളായെവിച്ച് മൊർദ്വിചേവുമായി ജനറൽ സേത്ത് കൂടിക്കാഴ്ച നടത്തും. സൈനിക പരിശീലനം, പ്രൊഫഷണൽ സൈനിക സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.
മോസ്കോയിലെ ‘ടോംബ് ഓഫ് ദ അൺനോൺ സോൾജിയർ’ സന്ദർശിക്കുന്ന കരസേനാ മേധാവി വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കും. കൂടാതെ മോസ്കോയിലുള്ള നാഷണൽ ഡിഫൻസ് കൺട്രോൾ സെന്‍ററും ജനറൽ സേത്ത് സന്ദർശിക്കും. റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി വാസിലി സെർജേവിച്ച് ഒസ്മാക്കോവ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ സെന്‍റ് പീറ്റേഴ്സ്ബർഗും ജനറൽ സേത്ത് സന്ദർശിക്കും. അവിടുത്തെ മിഖായിലോവ്സ്കായ മിലിട്ടറി ആർട്ടിലറി അക്കാദമി സന്ദർശിച്ച് അക്കാദമി നേതൃത്വവുമായും അധ്യാപകരുമായും അദ്ദേഹം ആശയവിനിമയം നടത്തും.
സമകാലിക സൈനിക മേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറാനും പ്രതിരോധ സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും സന്ദർശനം അവസരമൊരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുസ്ഥിരമായ സൈനിക നയതന്ത്രത്തിനും ഇരു രാജ്യങ്ങളുടെയും കരസേനകൾ തമ്മിലുള്ള സഹകരണത്തിനും ഇന്ത്യയും റഷ്യയും നൽകുന്ന പ്രാധാന്യമാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. കൂടിക്കാഴ്ചകൾ സൈനിക സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.