ലേബർ റൂമിൽ തിരക്ക്, പ്രസവ സമയത്ത് നവജാത ശിശു താഴെ വീണ് മരിച്ചു
file
ഹവേരി: ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ ലേബർ വാർഡിന്‍റെ തറയിൽ വീണ നവജാത ശിശു മരിച്ചു. കർണാടകയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ ജില്ലാ സർജൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാകോൾ സ്വദേശിയായ രൂബ കരാബന്നനവരറുടെ കുഞ്ഞാണ് മരിച്ചത്. കടുത്ത പ്രസവ വേദനയെത്തുടർന്നാണ് മുപ്പതുകാരിയായ രൂപയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗൈനക്കോളജി വാർഡും ഒബ്സ്ടെട്രിക്സ് വാർഡും നിറഞ്ഞതിനാൽ രൂബയെ അഡ്മിറ്റ് ചെയ്തിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
ലേബർ റൂമിലും തിരക്കായിരുന്നു. പലരും തറയിലായിരുന്നു ഇരുന്നിരുന്നത്. റെസ്റ്റ് റൂമിലേക്ക് നടക്കുന്നതിനിടെ വരാന്തയിൽ വച്ചാണ് രൂബ കുഞ്ഞിനെ പ്രസവിച്ചത്. കുട്ടി താഴെ വീണ് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം. സഹായത്തിനായി ആവശ്യപ്പെട്ടെങ്കിലും ഡോക്റ്റർമാരോ നഴ്സുമാരെ സമീപത്തെത്തിയില്ലെന്നും രൂബ വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു.
സംഭവത്തിൽ അന്വേഷണത്തിനായി ഡപ്യൂട്ടി കമ്മിഷണർ, വിമൻ ആൻഡ് ചൈൽഡ് വെൽഫെയർ ഓഫിസർ , ചൈൽ പ്രൊട്ടക്ഷൻ ഓഫിസർ , ഗൈനക്കോളജിസ്റ്റ്, സാങ്കേതിക വിദഗ്ധൻ, ജില്ലാ സർജൻ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.