ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ സുപ്രധാന ഉത്തരവ്.
മുംബൈ: മരിച്ചു പോയ മകന്‍റെ പേരിലുണ്ടായിരുന്ന അഞ്ച് ഇൻഷുറൻസ് പോളികളുടെ തുക നിഷേധിച്ച എൽഐസിക്കെതിരേ 12 വർഷം നിയമപോരാട്ടം നടത്തിയ അമ്മ വിജയം നേടി. പ്രമേഹമുണ്ടായിരുന്നു എന്നതു മറച്ചുവച്ചെന്ന് ആരോപിച്ചാണ് എൽഐസി (LIC) പോളിസി തുക തടഞ്ഞുവച്ചത്. എന്നാൽ, അഞ്ച് പോളിസികൾക്കുമുള്ള തുക പലിശ സഹിതം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ഏകദേശം 61.5 ലക്ഷം രൂപയും 9 ശതമാനം വാർഷിക പലിശയുമാണ് എൽഐസി നൽകേണ്ടത്. ഇത് ആകെ ഒന്നേകാൽ കോടി രൂപയ്ക്കു മുകളിൽ വരും.
മുംബൈയിലെ മാഹിം പ്രദേശത്ത് താമസിച്ചിരുന്ന നിതിൻ സുരേഷ് ഗംഭീർ എന്ന യുവാവാണ് 2010 ജൂണിൽ എൽഐസിയിൽനിന്ന് അഞ്ച് ലൈഫ് ഇൻഷുറൻസ് പോളിസികൾ വാങ്ങിയത്. എൽഐസിയുടെ ഔദ്യോഗിക പാനലിലുള്ള ഡോക്റ്ററുടെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരുന്നു ഇത്. 2013 ജൂണിൽ ഹൃദയാഘാതത്തെ തുടർന്ന് നിതിൻ അന്തരിച്ചു. ഇതേതുടർന്ന് അമ്മ ജയശ്രീ സുരേഷ് ഗംഭീർ അഞ്ച് ഇൻഷുറൻസ് ക്ലെയിമുകൾക്കായി അപേക്ഷിച്ചെങ്കിലും അഞ്ചും തള്ളി.
2010 ജൂണിൽ അപേക്ഷ സമർപ്പിക്കുമ്പോൾ നിതിന് പ്രമേഹം ഉണ്ടായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം മറച്ചുവെച്ചെന്നുമാണ് എൽഐസി ഇതിനു കാരണം പറഞ്ഞത്. ആശുപത്രിയിലെ ഡിസ്ചാർജ് രേഖകളാണ് അവർ ഇതിന് ആധാരമാക്കിയത്. രണ്ടു മാസമായി നിതിന് പ്രമേഹമുണ്ടായിരുന്നു എന്ന് ഇതിൽ പറഞ്ഞിരുന്നു. എന്നാൽ, പോളിസി എടുക്കുമ്പോൾ നിതിന് രോഗമുള്ളതായി അറിയില്ലായിരുന്നു എന്ന് കുടുംബം കോടതിയിൽ വ്യക്തമാക്കി.
മഹാരാഷ്ട്ര സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ ആദ്യഘട്ടത്തിൽ മൂന്ന് പോളിസികൾക്കുള്ള തുക അനുവദിക്കുകയും ബാക്കി രണ്ടെണ്ണം തള്ളുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ തൃപ്തരാകാതെ എൽ.ഐ.സിയും നിതിന്‍റെ അമ്മയും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
വിഷയം പരിശോധിച്ച ഡോ. ഇന്ദർജിത് സിംഗ്, ശശി നന്ദ്കോലിയാർ എന്നിവരങ്ങിയ ബെഞ്ച് കുടുംബത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. പോളിസിക്ക് അപേക്ഷിക്കുന്ന സമയത്ത് നിതിന് പ്രമേഹം ഉണ്ടായിരുന്നുവെന്നോ അല്ലെങ്കിൽ ആ വിവരം അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നോ തെളിയിക്കുന്ന യാതൊരുവിധ മെഡിക്കൽ രേഖകളും ഹാജരാക്കാൻ എൽഐസിക്ക് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി.
കൂടാതെ, നിതിന്‍റെ മരണകാരണമായ ഹൃദയാഘാതവും കാലിലെ പരിക്കുമായുള്ള ബന്ധവും തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് സാധിച്ചതുമില്ല.
അഞ്ച് പോളിസികളിലുമായി ആകെ 60 ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി നൽകേണ്ടത്. ഇതിനുപുറമെ മാനസിക ബുദ്ധിമുട്ടുകൾക്ക് സംസ്ഥാന കമ്മീഷൻ വിധിച്ച 1 ലക്ഷം രൂപയും 50,000 രൂപ കോടതി ചെലവും എൽഐസി നൽകണം. 2014 ജൂലൈയിൽ ക്ലെയിം നിരസിച്ച തീയതി മുതൽ 9 ശതമാനം വാർഷിക പലിശ സഹിതം തുക പൂർണമായി നൽകാനാണ് ദേശീയ കമ്മീഷന്‍റെ ഉത്തരവ്.