ഹസിൻ ജഹാനും മുഹമ്മദ് ഷമിയും
കോൽക്കത്ത: വിവാഹമോചനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടിയായി കോടതി വിധി. മുൻ ഭാര്യ ഹസിൻ ജഹാനും മകൾക്കും മാസം 4 ലക്ഷം രൂപ വീതം ജീവനാംശം നൽകണമെന്നാണ് കൽക്കട്ട ഹൈക്കോടതിയുടെ വിധി. ഹസിൻ ജഹാന് പ്രതിമാസം ഒന്നര ലക്ഷം രൂപയും മകൾ ഐറയ്ക്ക് പ്രതിമാസം രണ്ടര ലക്ഷം രൂപയുമാണ് നൽകേണ്ടത്. ഗാർഹിക പീഡനത്തിനെതിരേയുള്ള നിയമം പ്രകാരമാണ് കേസ് ഫയൽ ചെയ്തിരുന്നത്. ദീർഘകാലം നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ കേസ് അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2014ലായിരുന്നു ഷമിയും ഹസിനും തമ്മിലുള്ള വിവാഹം. എട്ട് വയസുള്ള ഒരു മകളുമുണ്ട്. എന്നാൽ, വിവാഹേതര ബന്ധം, ലൈംഗിക പീഡനം, ഗാർഹിക പീഡനം, ഒത്തുകളി തുടങ്ങി നിരവധി ആരോപണങ്ങൾ ഹസിൻ ജഹാൻ മുഹമ്മദ് ഷമിക്കെതിരേ ഉയർത്തിയിരുന്നു. ഒത്തുകളി ആരോപണം ബിസിസിഐ അന്വേഷിച്ച് തള്ളുകയും ചെയ്തിട്ടുണ്ട്.
ഒത്തു കളി ആരോപണം ഉയർന്നതിനു പിന്നാലെം ഷമി ആത്മഹത്യക്കു ശ്രമിച്ചിരുന്നെന്നും അടുത്തയിടെ പുറത്തു വന്നിരുന്നു.
ഷമി സ്വന്തം കാര്യം മാത്രമേ ശ്രദ്ധിക്കാറുള്ളൂ എന്നും മകളെ കാണാൻ പോലും എത്താറില്ലെന്നുമാണ് ഹസിൻ ആരോപിക്കുന്നത്. മകൾക്കൊപ്പമുള്ള ഷമിയുടെ വിഡിയോ ഒരിക്കൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.