പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുൻപ് മണ്ഡല പുനർനിർണയം പൂർത്തിയാക്കാൻ നീക്കം.

 
India

മണ്ഡല പുനർനിർണയ നീക്കം വീണ്ടും സജീവമാക്കി സർക്കാർ

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയം പൂർത്തിയാക്കാൻ കേന്ദ്രം നീക്കം ശക്തമാക്കി; വിവിധ ദേശീയ-പ്രാദേശിക കക്ഷികളുമായി സമവായ ചർച്ചകൾ ആരംഭിച്ചു

MV Desk

ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് മണ്ഡല പുനർനിർണയം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്‍റെ നീക്കം. ഇതിനുവേണ്ടി രാഷ്‌ട്രീയ സമവായമുണ്ടാക്കാൻ കേന്ദ്രം വിവിധ കക്ഷികളുമായി ചർച്ചകൾ തുടങ്ങി. 2029 ലാണ് ഇനി തെരഞ്ഞെടുപ്പ്.

പ്രാദേശിക കക്ഷികളോടും രാഷ്‌ട്രീയ മണ്ഡലത്തിലെ മറ്റു പ്രമുഖരോടുമാണു സർക്കാർ ചർച്ച തുടങ്ങിയത്. നിയമനിർമാണത്തിലേക്കു കടക്കുന്നതിനു മുൻപ് ബിൽ പാസാക്കാൻ ആവശ്യമായി പിന്തുണ സ്വരൂപിക്കുകയാണു ലക്ഷ്യം. ഡിഎംകെ, തൃണമൂൽ കോൺഗ്രസ് കക്ഷികളുമായി ഇതിനകം ചർച്ച നടത്തി. നിലവിലുള്ള ലോക്സഭ 1971ലെ സെൻസസിന്‍റെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ചതാണ്. ഏതു തരത്തിലുള്ള പുനർനിർണയവും സംസ്ഥാനങ്ങളുടെ നിലവിലുള്ള പ്രാതിനിധ്യ സമവാക്യങ്ങളെ ബാധിക്കും

ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കുറയുകയും ഉത്തർപ്രദേശ് അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് എംപിമാരുടെ എണ്ണം വൻതോതിൽ വർധിക്കുകയും ചെയ്യുമെന്നാണ് ഇപ്പോൾത്തന്നെ ഉയരുന്ന പരാതി. അതിനാൽ ഏറെ കരുതലോടെയാണ് കേന്ദ്രം ഈ വിഷയത്തെ സമീപിക്കുന്നത്. പുനർനിർണയം രാഷ്‌ട്രീയമായി ഭിന്നതകളുണ്ടാക്കുന്ന വിഷയമാകരുതെന്നാണു കേന്ദ്രത്തിന്‍റെ താത്പര്യം.

നേരത്തേ, എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വർധിപ്പിച്ച് വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്രം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്‍റെ എതിർപ്പു മൂലം പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇതിനുശേഷം ദേശീയ രാഷ്‌ട്രീയത്തിലുണ്ടായ മാറ്റങ്ങളാണ് പുതിയ നീക്കത്തിനു സർക്കാരിന്‍റെ ധൈര്യം. കഴിഞ്ഞ തവണ ബിൽ പരാജയപ്പെടുത്താൻ "ഇന്ത്യ' മുന്നണിയുടെ മുന്നിൽ നിന്നതു ഡിഎംകെയായിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമാകുകയും കോൺഗ്രസ് ടിവികെയുമായി സഖ്യം സ്ഥാപിക്കുകയും ചെയ്തതോടെ ഡിഎംകെ "ഇന്ത്യ' മുന്നണി വിട്ടു. വർഷകാല സമ്മേളനത്തിൽ പ്രത്യേക ബ്ലോക്ക് ആയിരിക്കാൻ ഇവർ കത്തു നൽകിയിട്ടുണ്ട്.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസ് പിളർന്നു. മമത ബാനർജിയുടെ നേതൃത്വം സ്വീകരിച്ചിരുന്ന കടുത്ത കേന്ദ്ര വിരുദ്ധ നിലപാട് വിമത പക്ഷം സ്വീകരിക്കാനിടയില്ലെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കേന്ദ്രം ചർച്ച തുടങ്ങിയത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു