അഭിജീത് ദിപ്കെ

 
India

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് മർദനം; ജയ്പൂരിലെ പ്രതിഷേധത്തിനിടെ പരസ്യമായി മുഖത്തടിയേറ്റു

മർദിച്ചയാളെ പ്രതിഷേധക്കാർ വളഞ്ഞുവച്ച് ആക്രമിച്ചു

Namitha Mohanan

ജയ്പുർ: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെയും തൊഴിലില്ലായ്മയുടെയും പേരിൽ പ്രക്ഷോഭത്തിനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജനക്കൂട്ടത്തിനു നടുവിൽ മർദനം. ജയ്പുരിൽ പ്രതിഷേധത്തിനിടയിൽ പ്രകോപിതരായ ചിലർ ദീപ്കെയെ പരസ്യമായി മുഖത്തടിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥ നിലവിൽ വരികയും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.

മർദിച്ചയാളെ പ്രതിഷേധക്കാർ വളഞ്ഞുവച്ച് ആക്രമിച്ചു. ആരും അക്രമത്തിനു തുനിയരുതെന്ന് ദീപ്കെ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, പ്രദേശത്ത് വലിയ സംഘർഷമുണ്ടായി. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നീറ്റ്, സിബിഎസ്ഇ, സിയുഇടി, എസ്എസ്‌സി തുടങ്ങിയ പ്രധാന പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുമാണ് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഞായറാഴ്ച രാത്രി വൈകിയാണ് അഭിജീത് ദീപ്കെ ജയ്പുരിലെത്തിയത്. സമരത്തിന് പ്രാദേശിക ഭരണകൂടം ആദ്യം അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് കർശന ഉപാധികളോടെ അനുമതി നൽകുകയായിരുന്നു. സമരവേദിയിൽ ഒരേസമയം 800 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന നിബന്ധനയുണ്ടായിരുന്നു.