സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ.

 

File

India

''ഇത്രയും പാർട്ടികളുണ്ടായിട്ടും ദുരിതം മാറുന്നില്ലെങ്കിൽ പുതിയ പാർട്ടിയല്ല പരിഹാരം'', തെരഞ്ഞെടുപ്പിലേക്കില്ലെന്ന് സിജെപി

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, വൈഷ്ണവി ഗൗർ എന്നിവരുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നിർണായക യോഗം

Mumbai Correspondent

മുംബൈ: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ 'കോക്ക്രോച്ച് ജനതാ പാർട്ടി' (സിജെപി) പരമ്പരാഗത രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, വൈഷ്ണവി ഗൗർ എന്നിവരുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നിർണായക യോഗം ചേരുകയാണ്.

പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നതിന് പകരം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാമൂഹികമായ ഉണർവാണ് ആവശ്യമെന്ന് സിജെപി നേതൃത്വം മാധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കി.

NEET ചോദ്യപേപ്പർ ചോർച്ചക്കെതിരേ കഴിഞ്ഞ മാസം ജന്തർ മന്ദറിൽ നടന്ന വൻ പ്രക്ഷോഭത്തിനു പിന്നിൽ പ്രവർത്തിച്ചത് ജെൻ സിയെ പ്രതിനിധീകരിക്കുന്ന ഈ യുവജന പ്രസ്ഥാനമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ഈ സമരത്തിന്‍റെ ഏറ്റവും വലിയ വിജയമായും വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സിജെപി തങ്ങളുടെ പ്രവർത്തനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആകാംക്ഷ നിലനിൽക്കുന്നത്.

"സമരത്തിന്‍റെ വിജയത്തിന് ശേഷം ഈ പ്രസ്ഥാനം എങ്ങോട്ടേക്ക് നയിക്കപ്പെടും എന്ന ചോദ്യങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നു. അതിനെക്കുറിച്ച് ചർച്ച ചെയ്യാനും അത് താഴെത്തട്ടിലേക്ക് എങ്ങനെ വ്യാപിപ്പിക്കാം എന്ന് ചിന്തിക്കാനുമാണ് ഞങ്ങൾ ഒത്തുകൂടിയിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ഞങ്ങളുടെ ഭാവി തന്ത്രത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവിടും," സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു.

സിജെപി ഒരു രാഷ്ട്രീയ പർട്ടിയല്ലെന്നും മറിച്ച് അതൊരു പ്രസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ നിരവധിയുണ്ടെങ്കിലും ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ, മറ്റൊരു രാഷ്ട്രീയ പാർട്ടിയല്ല മറിച്ച് താഴെത്തട്ടിലുള്ള ഉണർവാണ് പരിഹാരം എന്ന് സൗരവ് ദാസ് കൂട്ടിച്ചേർത്തു.

തത്കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങളെക്കുറിച്ച് ജെൻ സി (Gen Z) വിഭാഗവുമായി ആലോചിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.

സമീപകാല ജന്തർ മന്ദർ പ്രക്ഷോഭം വിലയിരുത്തുന്നതിനും സംഘടനാപരമായ വിപുലീകരണവും ഭാവി റോഡ്മാപ്പും ചർച്ച ചെയ്യുന്നതിനായി സിജെപി പ്രവർത്തകർ ബുധനാഴ്ച മുതൽ രണ്ട് ദിവസത്തെ യോഗമാണ് ചേരുന്നത്. ഓരോ ജില്ലയിലും പ്രവർത്തകരുള്ള വിധത്തിൽ സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഉത്തരവാദിത്വമുള്ള പ്രസ്ഥാനമാണ് ലക്ഷ്യമെന്നും, ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം യുവജന കേന്ദ്രീകൃതമായിരിക്കുമെന്നും വക്താക്കൾ വ്യക്തമാക്കി.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ

"UDF സർ‌ക്കാരിനെ വിമർശിക്കാനില്ല, വൈദ്യുത പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്": സുരേഷ് ഗോപി

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്