ദീപത്തൂൺ എന്ന് ഇപ്പോൾ അറിയപ്പെടുന്ന, ദർഗയ്ക്കു സമീപമുള്ള കൽത്തൂൺ.

 
India

ദീപത്തൂണിൽ ദീപം തെളിച്ചില്ല: സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞ് തമിഴ്‌നാട് സർക്കാർ

കുറ്റം ക്ഷേത്ര ട്രസ്റ്റിനെന്നു റിപ്പോർട്ട്; സ്വമേധയാ കോടതിയലക്ഷ്യ നടപടിക്കു വിസമ്മതിച്ച് സുപ്രീം കോടതി; ഹർജി നൽകിയാൽ പരിഗണിക്കും

MV Desk

തിരുപ്പുരങ്കുണ്ട്രം മലയിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്തതിൽ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞു. ക്ഷേത്ര ട്രസ്റ്റി ബോർഡ് സംഘത്തിന് അംഗീകാരം നൽകിയില്ലെന്നാണു സർക്കാർ വാദം. സ്വമേധയാ കോടതിയലക്ഷ്യ നടപടിക്കു കോടതി വിസമ്മതിച്ചു.

ന്യൂഡൽഹി: തിരുപ്പുരങ്കുണ്ട്രം മലയിലെ തർക്കവിഷയമായ ദീപത്തൂണിൽ (കൽത്തൂൺ) ദീപം തെളിയിക്കാത്തതിൽ തമിഴ്‌നാട് സർക്കാർ ബുധനാഴ്ച സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞു. വീഴ്ചയ്ക്കു കാരണം അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ ഭരണസമിതിയാണെന്നും സർക്കാർ അറിയിച്ചു. സർക്കാരിനെതിരേ കോടതിയലക്ഷ്യ നടപടി വേണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടു.

എന്നാൽ, സ്വമേധയാ നടപടി തുടങ്ങാൻ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുൽ എം. പഞ്ചോലിയും അടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു. 'സ്വമേധയാ നടപടിയില്ല; ആവശ്യമായ ഹർജി ഫയൽ ചെയ്യൂ. ആവശ്യമെങ്കിൽ ഉചിതമായ ഉത്തരവ് ഇറക്കാം,' ജസ്റ്റിസ് അരവിന്ദ് കുമാർ പറഞ്ഞു. അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകളും കോടതിയലക്ഷ്യ ഹർജികളും ഫയൽ ചെയ്തിട്ടുണ്ടോ എന്നു രജിസ്ട്രി പരിശോധിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പരിഗണിക്കാനാകുമോ എന്നും കോടതി നോക്കും.

ദീപത്തൂണിൽ ദീപം തെളിക്കാൻ നവംബർ 20ന് സുപ്രീം കോടതി ഒറ്റത്തവണ അനുമതി നൽകിയിരുന്നു. ക്ഷേത്രം അധികാരപ്പെടുത്തുന്ന, പരമാവധി പത്തു പേരടങ്ങുന്ന സംഘത്തിനായിരുന്നു ചുമതല. എന്നിട്ടും വാർഷിക കാർത്തിക ദീപം പതിവു സ്ഥലമായ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമാണ് തെളിഞ്ഞത്.

മധുര ജില്ലാ കലക്റ്റർ നിശാന്ത് കൃഷ്ണ സമർപ്പിച്ച 16 പേജുള്ള ഇടക്കാല സ്റ്റാറ്റസ് റിപ്പോർട്ടിലാണ് സർക്കാർ ഈ വാദം ഉന്നയിച്ചത്. ഉത്തരവു നടപ്പാക്കാൻ ജില്ലാ ഭരണകൂടം എല്ലാ ക്രമീകരണവും പൂർത്തിയാക്കിയിരുന്നെന്നും, എന്നാൽ നിർദേശിച്ച സംഘത്തിന് ട്രസ്റ്റി ബോർഡ് അംഗീകാരം നൽകിയില്ലെന്നും നവംബർ 24ലെ പ്രമേയത്തിലൂടെ പതിവു സ്ഥലത്തുതന്നെ ദീപം തെളിക്കാൻ തീരുമാനിച്ചെന്നുമാണു റിപ്പോർട്ടിലുള്ളത്. 'ദീപത്തൂണിൽ ദീപം തെളിയാത്തതിൽ ഞാൻ ആത്മാർഥമായി മാപ്പുചോദിക്കുന്നു,' എന്നും ബോധപൂർവമായ അനുസരണക്കേടുണ്ടായിട്ടില്ലെന്നും കലക്റ്റർ റിപ്പോർട്ടിൽ പറഞ്ഞു.

ചടങ്ങിനായി നവംബർ 24 വൈകിട്ട് ആറിനും 6.30നും ഇടയിലാണു സമയം നിശ്ചയിച്ചിരുന്നത്. 5,797 പൊലീസുകാരെ സുരക്ഷയ്ക്കു നിയോഗിച്ചു. ദീപത്തൂൺ, ദർഗ, നെല്ലിത്തോപ്പ് ഉൾപ്പെടെ 20 സ്ഥലങ്ങളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ വിന്യസിച്ചു. ദീപം തെളിക്കുന്നതിനെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും സംഘടിക്കൽ സംബന്ധിച്ച ഇന്‍റലിജൻസ് വിവരത്തെത്തുടർന്ന് നവംബർ 23 രാത്രി ഒൻപതു മുതൽ 25 രാവിലെ പത്തു വരെ ബിഎൻഎസ്എസ് 163 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നവംബർ 24ന് രാവിലെ 11.30ന് ട്രസ്റ്റി ബോർഡിനോട് അംഗീകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നു ക്ഷേത്രത്തിന്‍റെ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചെന്നും, ഉച്ചകഴിഞ്ഞ് 3.47ന് ഓർമപ്പെടുത്തൽ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സർക്കാരിനുവേണ്ടി ഹാജരായ ഗോപാൽ ശങ്കരനാരായണൻ ദീപം തെളിയിക്കാനായില്ലെന്ന വിവരം 'ദൗർഭാഗ്യവശാൽ' കോടതിയെ അറിയിച്ചു. സംഭവവികാസങ്ങളെ 'ഏറ്റവും ദൗർഭാഗ്യകരം' എന്നാണ് ഹിന്ദു ധർമ പരിഷത്തിനുവേണ്ടി ഹാജരായ ഗുരു കൃഷ്ണകുമാർ വിശേഷിപ്പിച്ചത്. കോടതി ഉത്തരവു മനഃപൂർവം മറികടന്നെന്ന് അദ്ദേഹം ആരോപിച്ചു.

പതിറ്റാണ്ടുകളായി മലയുടെ താഴ്‌വാരത്തെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനടുത്തുള്ള ദീപ മണ്ഡപത്തിലാണു ദീപം തെളിക്കുന്നത്. ദർഗയിൽനിന്ന് ഏകദേശം 50 മീറ്റർ അകലെ മലമുകളിലുള്ള ദീപത്തൂണിൽ തെളിക്കാൻ അനുമതി വേണമെന്നാണു ഹിന്ദു സംഘടനകളുടെ ആവശ്യം. മലയുടെ മുകൾഭാഗം മുഴുവൻ തങ്ങളുടെ ഉടമസ്ഥതയിലാണെന്നു പറഞ്ഞ് ദർഗ പക്ഷം ഇതിനെ എതിർത്തു. ദീർഘകാലത്തെ മതാചാരങ്ങൾക്കാണു മുൻഗണനയെന്നു ക്ഷേത്ര ട്രസ്റ്റി ബോർഡ് കഴിഞ്ഞ രാത്രി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.