ബാബാ രാംദേവ്
ന്യൂഡൽഹി: നിരന്തരം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങുന്ന പതഞ്ജലിക്ക് വീണ്ടും തിരിച്ചടി. ഡാബറിന്‍റെ ഉത്പന്നങ്ങളെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരസ്യങ്ങൾ പിൻവലിക്കണമെന്ന് പതഞ്ജലിയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
പതഞ്ജലി തങ്ങളുടെ ച്യവനപ്രാശത്തെ അപകീർത്തിപ്പെടുത്തുന്ന പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് ഡാബർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പരസ്യങ്ങൾ പിൻവലിക്കാൻ പതഞ്ജലിയോട് കോടതി ആവശ്യപ്പെട്ടത്.
മറ്റ് ബ്രാൻഡുകൾ വിൽക്കുന്ന ച്യവനപ്രാശത്തിൽ മെർക്കുറി അടിയിട്ടുണ്ടെന്നും അത് കുട്ടികൾക്ക് സുരക്ഷിതമല്ലെന്നും പതഞ്ജലയുടെ പരസ്യത്തിൽ പറയുന്നു. ഇത്തരം പരസ്യങ്ങൾ തങ്ങളുടെ ഉത്പന്നങ്ങളെ മോശമായി ബാധിക്കുകയും ഉപഭോക്താക്കൾക്കിടയിൽ കെട്ടിപ്പടുത്ത വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഡാബർ വാദിച്ചു. ഇത് ശരിവച്ച് കോടതി പതഞ്ജലിക്ക് നിർദേശം നൽകുകയായിരുന്നു.