എടപ്പാടി കെ. പളനിസ്വാമി, വിജയ്
ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ പരിഹാസവുമായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. വിജ്‌യ്‌യെ തമിഴക വെട്രി കഴകം നേതാക്കൾ അടുത്ത പ്രധാനമന്ത്രിയായി ഉയർത്തികാട്ടുന്നതിനെതിരേയാണ് പളനിസ്വാമി രംഗത്തെത്തിയത്.
വിജയ്‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കുമെന്നും അതിൽ തെറ്റില്ലെന്നും അത് അദ്ദേഹത്തിന്‍റെ ആഗ്രബഹമാണെന്നും പളനിസ്വാമി പറഞ്ഞു. ടിവികെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാരിന്‍റെ സോഷ‍്യൽ മീഡിയ പോസ്റ്റുകളെയും പളനിസ്വാമി വിമർശിച്ചു.
ഇവിടെ റീലുകൾ ഇറക്കിയാണ് അവർ സർക്കാരിനെ നയിക്കുന്നതെന്നും അത് അവിടെ നടക്കില്ലെന്നും പളനിസ്വാമി കൂട്ടിച്ചേർത്തു. വിജയ് ചെലവേറിയ മുഖ‍്യമന്ത്രിയാണെന്നും മുൻ മുഖ‍്യമന്ത്രി ജയലളിതയുടെ ഭരണകാലത്ത് ചെലവ് ചുരുക്കുന്നതിനായി വിഡിയോ കോൺഫറൻസിലൂടെയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് പറഞ്ഞ പളനിസ്വാമി ഒരു മാസത്തിനുള്ളിൽ കോയമ്പത്തൂരിൽ മാത്രം 9 കൊലപാതകൾ നടന്നതായി ചൂണ്ടിക്കാട്ടി. എവിടെ നോക്കിയാലും സംഘർഷങ്ങളും കൊലപാതകങ്ങളും കവർച്ചകളും വർധിച്ചുവരുകയാണെന്നും 110 ദിവസത്തിനകം ക്രമസമാധാന നില പൂർണമായി തകർന്നെന്നും അദ്ദേഹം ആരോപിച്ചു.