ഭര്‍ത്താവിന്‍റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ ആയി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്‍റെ വിവാഹേതര ബന്ധം ആത്മഹത്യയ്ക്കുള്ള പ്രേരണയായോ ക്രൂരതയായോ കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ആരോപിക്കപ്പെടുന്ന ബന്ധത്തിൽ, സ്ത്രീധനത്തിന്‍റെ പേരിലുള്ള മരണങ്ങളും വിവാഹേതര ബന്ധം സംബന്ധിച്ച പ്രശ്‌നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം ഭര്‍ത്താവിനുമേല്‍ ഇതിന്‍റെ പേരില്‍ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുല വ്യക്തമാക്കി.
വിവാഹേതരബന്ധവും സ്ത്രീധനം ആവശ്യപ്പെട്ടതും തമ്മിൽ വ്യക്തമായ ബന്ധം തെളിയിക്കപ്പെടണമെന്നും കോടതി നിർദേശിച്ചു.
2024 മാര്‍ച്ച് 18ന് ഭര്‍ത്താവിന്‍റെ വീട്ടില്‍ ഭാര്യ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചതു സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ഐപിസി സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ), 498 എ (ക്രൂരത), 304 ബി (സ്ത്രീധന മരണം) എന്നീ വകുപ്പുകള്‍ പ്രകാരം കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
"കുറ്റാരോപിതനായ പ്രതിക്ക് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ചില വീഡിയോകളും ചാറ്റ് റെക്കോർഡുകളും സമർപ്പിച്ചെങ്കിലും തെളിവുകളില്ലാതെ വിവാഹേതര ബന്ധം, ക്രൂരതയോ ആത്മഹത്യാ പ്രേരണയോ അകില്ലെന്ന് നിയമം അനുശാസിക്കുന്നു. വിവാഹേതര ബന്ധം ഐപിസി സെക്ഷൻ 304 ബി പ്രകാരം പ്രതിയെ കുറ്റക്കാരനാക്കാൻ ഒരു കാരണമാകരുത്."- കോടതി നിരീക്ഷിച്ചു.
2024 മാർച്ച് മുതൽ കസ്റ്റഡിയിലിരിക്കുന്ന ആളെ തുടർച്ചയായി തടവിൽ പാർപ്പിക്കുന്നതിൽ ഒരു അർഥവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി തെളിവുകൾ നശിപ്പിക്കാനോ നിയമത്തിൽ നിന്നു രക്ഷപെടാനോ സാധ്യതയില്ല എന്നും കോടതി കൂട്ടിച്ചേർത്തു. തുടർന്ന് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും അതേ തുകയുടെ രണ്ട് ആൾജാമ്യത്തിലും കോടതി പ്രതിയെ വിട്ടയക്കാൻ ഉത്തരവിട്ടു.
ഭർത്താവിന് സഹപ്രവർത്തകനുമായി ബന്ധമുണ്ടെന്നും ചോദ്യം ചെയ്ത ഭാര്യയെ ശാരീരികമായി പീഡിപ്പിച്ചു എന്നുമാണ് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നത്. വാങ്ങിയ കാറിന് കുടുംബത്തിൽ നിന്ന് ഇഎംഐ അടയ്ക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായും ആരോപണമുണ്ട്. എന്നാൽ സ്ത്രീയോ അവരുടെ കുടുംബമോ ജീവിച്ചിരിക്കുമ്പോൾ അത്തരമൊരു പരാതി നൽകിയിട്ടില്ലാത്തതിനാൽ ആരോപണം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.