പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുന്ന അസ്ഗറലി വോഹ്റ (ഫയൽ ചിത്രം)
താനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കൂൾ സഹപാഠിയാണെന്ന് അവകാശപ്പെടുന്ന 81കാരന് ഭൂമി തർക്കത്തിൽ വലിയ ആശ്വാസം. മോദിയെ സന്ദർശിച്ച് ദിവസങ്ങൾക്കകം ബിജെപി എംഎൽഎയുമായി ബന്ധമുള്ള സ്ഥാപനം തർക്കഭൂമിയിൽ നിന്ന് പിന്മാറി.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീരാ റോഡ് സ്വദേശിയായ അസ്ഗറലി വോഹ്റയാണ് ഗുജറാത്തിലെ വഡ്നഗറിലെ ബി.എൻ. സ്കൂളിൽ മോദിക്കൊപ്പം പഠിച്ചിരുന്നുവെന്ന് പറയുന്നത്. സെപ്റ്റംബർ എട്ടിന് അദ്ദേഹം മോദിയെ സന്ദർശിച്ച് പാല്ഘർ ജില്ലയിലെ ഭൂമി തർക്കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
1989ൽ താൻ വാങ്ങിയതാണ് ഭായന്ദർ ഈസ്റ്റിലെ നവ്ഘറിൽ 2,810 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭൂമിയെന്നാണ് വോഹ്റയുടെ വാദം. 2011ൽ സ്വയം ബിൽഡേഴ്സ്, സെവൻ ഇലവൻ കൺസ്ട്രക്ഷൻസ് എന്നീ രണ്ട് സ്ഥാപനങ്ങൾ ഭൂമി കൈയേറിയതായി അദ്ദേഹം ആരോപിച്ചിരുന്നു. ഈ രണ്ട് സ്ഥാപനങ്ങൾക്കും ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുമായി ബന്ധമുണ്ടെന്നാണ് വോഹ്റയുടെ ആരോപണം.
എന്നാൽ സംഭവത്തിൽ നാടകീയ വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സെവൻ ഇലവൻ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് വിഷയത്തിൽ നിന്ന് പൂർണമായി പിന്മാറി. ഇതുസംബന്ധിച്ച് മീരാ ഭായന്ദർ മുനിസിപ്പൽ കോർപ്പറേഷനിലെ ടൗൺ പ്ലാനിങ് അസിസ്റ്റന്‍റ് ഡയറക്റ്റർക്ക് കമ്പനി കത്ത് നൽകി. തർക്കത്തിലുള്ള ഭൂമിയുടെ നിർമാണാനുമതി സർട്ടിഫിക്കറ്റ് ഔദ്യോഗികമായി തിരിച്ചുനൽകുന്നതായി കത്തിൽ അറിയിച്ചു.
2019 ജൂൺ 13ന് രജിസ്റ്റർ ചെയ്ത ആധാരം വഴി ഭൂമി വാങ്ങിയതായും 2026 ഏപ്രിൽ 17ന് നിർമാണാനുമതി നേടിയതായും കമ്പനി വ്യക്തമാക്കി. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം തുടരുന്നതിനാൽ അനുമതി തിരിച്ചുനൽകുകയാണെന്നും അറിയിച്ചു. അനുമതി റദ്ദാക്കുകയും പദ്ധതിക്കായി നേരത്തെ അടച്ച ഫീസ് തിരികെ നൽകുകയും ചെയ്യണമെന്ന് കമ്പനി മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ വിഷയം പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വോഹ്റ പറഞ്ഞിരുന്നു. മഹാരാഷ്ട്ര ഗതാഗത മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ പ്രതാപ് സർനായിക് പ്രധാനമന്ത്രി തന്‍റെ "സ്കൂൾ സഹപാഠിക്ക്" നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.