വെടിനിർത്തലിന് അമെരിക്ക മധ്യസ്ഥത വഹിച്ചില്ല; ആക്രമണം അവസാനിപ്പിക്കാൻ അപേക്ഷിച്ചത് പാക്കിസ്ഥാൻ: വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രണത്തിൽ പാക്കിസ്ഥാനുള്ള പങ്ക് അടിവരയിട്ട് കേന്ദ്ര സർക്കാർ. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരസംഘം പാക്കിസ്ഥാനിലെ ഗൂഢാലോചകരുമായി ബന്ധപ്പെട്ടെന്ന് പാർലമെന്‍റി സമിതിയോട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. പഹൽഗാം ആക്രമണത്തെയും അതിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സിന്ദൂർ ഓപ്പറേഷനെയും സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ മുറവിളി കൂട്ടുന്നതിനിടെയാണ് വിദേശകാര്യ പാർലമെന്‍ററി സമിതിക്ക് മുന്നിൽ മിസ്രി കാര്യങ്ങൾ വിശദീകരിച്ചത്. പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിൽ അമെരിക്കൻ ഇടപെടൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്‍റെ ഗൂഢാലോചന നടന്നത് പാക്കിസ്ഥാനിലാണ്. പാക് മണ്ണിലെ ആസൂത്രകരുമായി ഭീകരർ ബന്ധപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സംഘടന ഭീകരരായി പ്രഖ്യാപിച്ചവർ പാക്കിസ്ഥാനിൽ യഥേഷ്ടം വിരാജിക്കുകയാണ്. അവർ ഇന്ത്യയിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നതായും മിസ്രി പറഞ്ഞു.
പാക് ഭരണകൂടവും സൈന്യവും ഭീകരരുമായുള്ള ബന്ധത്തിന് ശക്തമായ തെളിവുണ്ട്. ഭീകരതയുടെ പശ്ചാത്തല സൗകര്യങ്ങൾ പാക്കിസ്ഥാനിൽ വ്യാപകമായി ഒരുക്കപ്പെട്ടിരിക്കുന്നു. ഭീകരതെ പാക് മണ്ണിൽ ആഴത്തിൽ വേരോടിക്കഴിഞ്ഞു. വടക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പാക് ബന്ധമുള്ള ചാരശൃംഖല പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്ന് യൂട്യൂബർ അടക്കമുള്ളവർ ചാരപ്രവർത്തനത്തിന് പിടിയിലായ സാഹചര്യത്തിൽ മിശ്രി വെളിപ്പെടുത്തി. ഇന്ത്യ- പാക് സംഘർഷം പരമ്പരാഗത യുദ്ധ രീതികളിൽ നിന്ന് വ്യതിചലിച്ചില്ല. പാക്കിസ്ഥാനിൽ നിന്ന് ആണവായുധ പ്രയോഗത്തിന്‍റെ സൂചനകളുമുണ്ടായില്ല. സൈനിക നടപടികൾ നിർത്താനുള്ളത് ഉഭയകക്ഷി തീരുമാനമായിരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും വിക്രം മിശ്രി തറപ്പിച്ചു പറഞ്ഞു.
ശശി തരൂർ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന വിദേശകാര്യവുമായി ബന്ധപ്പെട്ട പാർലമെന്‍ററി സമിതി യോഗത്തിൽ തൃണമൂൽ കോൺഗ്രസിലെ അഭിഷേക് ബാനർജി, കോൺഗ്രസിലെ രാജീവ് ശുക്ല, ദീപേന്ദർ ഹൂഡ, എഐഎംഐഎം തലവൻ അസദുദീൻ ഒവൈസി, ബിജെപിയിലെ അപരാജിത സാരംഗി, അരുൺ ഗോവിൽ എന്നിവർ അടക്കമുള്ളവർ പങ്കെടുത്തു.
ഏപ്രിൽ 22ലെ ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ 26 സാധാരണക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇതിനു തിരിച്ചടിയായി മേയ് ഏഴു മുതൽ ഇന്ത്യ നടത്തിയ സിന്ദൂർ ഓപ്പറേഷനിൽ പാക്കിസ്ഥാനിലെ ഒമ്പത് ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. നൂറിലേറെ ഭീകരരെയാണ് സിന്ദൂർ ഓപ്പറേഷനിലൂടെ ഇന്ത്യ വധിച്ചത്. ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ ഗത്യന്തരമില്ലാതെ പാക്കിസ്ഥാൻ വെടിനിർത്തലിന് സന്നദ്ധമാകുകയായിരുന്നു.