ഗോഹട്ടി ഹൈക്കോടതി

 
India

പാൻ കാർഡ് ഉൾപ്പെടെ പൗരത്വം തെളിയിക്കാൻ സമർപ്പിച്ച‌ 16 രേഖകളും തള്ളി ഗോഹട്ടി ഹൈക്കോടതി

ഹോഖിന്‍റെ പിതാവ് നേരിട്ട് കോടതിയിൽ ഹാജരായി ഹോഖ് തന്‍റെ മകനാണെന്ന് വ്യക്തമാക്കിയിരുന്നു.

നീതു ചന്ദ്രൻ

ഗ്വാഹട്ടി: ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനായി സമർപ്പിച്ച 16 രേഖകളും തള്ളി അസമിലെ ഗോഹട്ടി ഹൈക്കോടതി. തന്നെ വിദേശിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫോറിനേഴ്സ് ട്രൈബ്യൂണൽ വിധിയെ ചോദ്യം ചെയ്തു കൊണ്ട് അമിനുൽ ഹോഖ് എന്ന വ്യക്തി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി 16 രേഖകളും തള്ളിയത്.

തന്‍റെ പിതാവിന്‍റെയും മുത്തച്ഛന്‍റെയും പേരു രേഖപ്പെടുത്തിയ1951ലെ ദേശീയ പൗരത്വ രജിസ്റ്ററിൽ പകർപ്പ് (എൻആർസി), 1966 മുതൽ 2017 വരയുള്ള വർഷങ്ങളിലെ തന്‍റെ മാതാപിതാക്കളുടെയും തന്‍റെയും പേരുള്ള വോട്ടർ പട്ടികകളുടെ അംഗീകൃത പകർപ്പുകൾ, 1973 മുതൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ, പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയാണ് ഹോഖ് കോടതിയിൽ സമർപ്പിച്ചിരുന്നത്. തലമുറകളോളമായി തന്‍റെ കുടുംബം അസമിലാണ് താമസിക്കുന്നതെന്നും ഹോഖ് ഹർജിയിൽ അവകാശപ്പെട്ടിരുന്നു.

Get updates on WhatsApp

ഹോഖിന്‍റെ പിതാവ് നേരിട്ട് കോടതിയിൽ ഹാജരായി ഹോഖ് തന്‍റെ മകനാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ വാ കൊണ്ട് പറയുന്നത് ശക്തമായ തെളിവല്ലെന്നും രേഖകൾ വേണമെന്നും അല്ലാത്ത പക്ഷം ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നത് തെളിയിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ കല്യാൺ റായ് സുരാന, ഷമീമ ജഹാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. 1964ലെ ഫോറിനേഴ്സ് ആക്റ്റ് സെക്ഷൻ 9 പ്രകാരം ഹർജിക്കാരൻ സമർപ്പിച്ച 16 രേഖകളും പൗരത്വം തെളിയിക്കാൻ സഹായിക്കുന്നവയല്ല എന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. രേഖകളിൽ ഹോഖിന്‍റെ പിതാവിന്‍റെയും മുത്തച്ഛന്‍റെയും പേരുകളിൽ അവ്യക്തത ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2019 ഫെബ്രുവരി 28നാണ് ഹോഖ് വിദേശിയാണെന്ന് ഫോറിനേഴ്സ് ട്രൈബ്യൂണൽ വിധിയെഴുതിയത്. മൊഹിറുദ്ദീൻ ഷെയ്ഖ് , മൊഹിർ ഉദ്ദീൻ, മഹ്റുദ്ദീൻ ഷെയ്ഖ്, മൊഹിറുദ്ദീൻ എന്നിങ്ങനെ നാലു പേരുകളാണ് ഹോഖിന്‍റെ പിതാവിന്‍റെ പല രേഖകളിലും ഉള്ളത്.