ഷെയ്ക്ക് ഹസീന.
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യം നിരസിക്കാൻ കുറ്റവാളി കൈമാറ്റ കരാറിലെ വ്യവസ്ഥകൾ ഇന്ത്യയ്ക്ക് പിൻബലമാകും. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഇരുരാജ്യങ്ങളിലും ഒരുപോലെ ശിക്ഷാർഹമായിരിക്കണമെന്നതാണു കരാറിലെ സുപ്രധാന വ്യവസ്ഥ. കുറ്റം ആരോപിക്കപ്പെട്ട വ്യക്തിക്ക് ശിക്ഷ അന്യായമോ അടിച്ചമർത്തലോ ആണെന്നു തെളിയിക്കാൻ കഴിഞ്ഞാലും അപേക്ഷ നിരസിക്കാമെന്ന് കരാറിലെ എട്ടാം വ്യവസ്ഥ പറയുന്നു. കുറ്റവാളി കൈമാറ്റത്തിന് രാഷ്‌ട്രീയ സ്വഭാവമുണ്ടെങ്കിലും നിരസിക്കാൻ അവസരമുണ്ട്. ഇവയെല്ലാം ബംഗ്ലാദേശിന്‍റെ ആവശ്യം നിരസിക്കാൻ ഇന്ത്യയ്ക്ക് പിടിവള്ളിയാകും.
കൊലപാതകം, മർദനം, ഭരണകൂടത്തെ ഉപയോഗിച്ച് ആളുകളെ അപ്രത്യക്ഷമാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണു ഹസീനയ്ക്കെതിരേ ബംഗ്ലാദേശ് അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ചുമത്തിയിരിക്കുന്നത്. ഇവയൊന്നും കരാർ വ്യവസ്ഥപ്രകാരം നിരസിക്കാനുള്ള സാധ്യത നൽകുന്നില്ലെങ്കിലും ആരോപണങ്ങളിലെ രാഷ്‌ട്രീയ സ്വഭാവം ഇന്ത്യയ്ക്ക് ഇതിൽ പ്രയോഗിക്കാനാകുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറ്റവാളിയെ ഇന്ത്യയ്ക്ക് ഇവിടെ വിചാരണ ചെയ്യാനുള്ള അവസരമുണ്ടെങ്കിലും കുറ്റവാളി കൈമാറ്റം നിരസിക്കാൻ വ്യവസ്ഥയുണ്ട്.
ഹസീനയെ ഉടൻ കൈമാറണമെന്ന ആവശ്യത്തോട് ഇന്ത്യ നേരിട്ടു പ്രതികരിച്ചിട്ടില്ല. എന്നാൽ, ബംഗ്ലാദേശ് ജനതയുടെ ഉത്തമ താത്പര്യങ്ങളാണ് പരിഗണിക്കുന്നതെന്നു വ്യക്തമാക്കിയത് ജനവിധിയുടെ അടിസ്ഥാനത്തിലല്ലാതെ അധികാരത്തിലേറിയ മുഹമ്മദ് യൂനുസ് ഭരണകൂടത്തിനുള്ള വ്യക്തമായ സന്ദേശമെന്നാണു വിലയിരുത്തുന്നത്. ബംഗ്ലാ ട്രൈബ്യൂണലിന്‍റെ വിധിയിൽ യുഎൻ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ചൈനയാകട്ടെ, ഇതു ബംഗ്ലാദേശിന്‍റെ ആഭ്യന്തരകാര്യമെന്നതിൽ പ്രതികരണം ഒതുക്കി. അതേസമയം, ബംഗ്ലാദേശ് ട്രൈബ്യൂണൽ നടപടി നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഹസീനയുടെ മകൻ സജീബ് അഹമ്മദ് വാസിദ് പ്രതികരിച്ചു.