വിദേശകാര്യ മന്ത്രാലയ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു
യുഎസ് മിസൈൽ ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെതിരേ, യുഎസിനെതിരെ നയതന്ത്രപരമായ കടുത്ത നീക്കങ്ങളുമായി ഇന്ത്യൻ സർക്കാർപശ്ചിമേഷ്യൻ കടൽമേഖലയിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് യുഎസ് നടത്തുന്ന മിസൈൽ ആക്രമണങ്ങളിൽ ഇന്ത്യൻ നാവികരുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ യുഎസിനെതിരേ കടുത്ത നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യൻ സർക്കാർ.
ഒമാൻ തീരക്കടലിൽ ഇന്ത്യൻ നാവികർ അടങ്ങിയ എംടി ജൽവീർ എന്ന മൂന്നാമത്തെ ചരക്കുകപ്പലിനു നേരെയും യുഎസ് വ്യോമസേന ഹെൽഫയർ മിസൈലുകൾ വർഷിച്ചതിനെ തുടർന്ന് മൂന്നു ദിവസത്തിനിടെ രണ്ടാം തവണയും ഇന്ത്യ ഡൽഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ (ചാർജ് ഡി അഫയേഴ്‌സ്) ജേസൺ മീക്സിനെ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് അടിയന്തരമായി വിളിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ എംഇഎ ആസ്ഥാനമായ ജവഹർലാൽ നെഹ്റു ഭവനിൽ വച്ച് വിദേശകാര്യ മന്ത്രാലയ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, യുഎസ് പ്രതിനിധി ജേസൺ മീക്സുമായി കൂടിക്കാഴ്ച നടത്തി. മുൻപ് രാത്രികാലങ്ങളിൽ അതീവ രഹസ്യമായിട്ടായിരുന്നു നയതന്ത്ര പ്രതിനിധികളെ വിളിപ്പിച്ചിരുന്നതെങ്കിൽ ഇത്തവണ ക്യാമറകൾക്കു മുമ്പിൽ പരസ്യമായാണ് ഇന്ത്യ യുഎസ് പ്രതിനിധികളെ വിളിപ്പിച്ചത്.
ഇത് ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരിനുള്ള കടുത്ത അമർഷത്തെയും ഗൗരവത്തെയുമാണ് വ്യക്തമാക്കുന്നത്. ഗിനിയ ബിസാവു പതാകയേന്തിയ എണ്ണക്കപ്പലായ എംടി ജൽവീറിലെ 20 ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യ വൻ ആശങ്ക രേഖപ്പെടുത്തി. ഇറാനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിച്ച് ഇന്ധനം കടത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ്(സെന്‍റ്കോം) കഴിഞ്ഞ ദിവസം എംടി ജൽവീറിന്‍റെ എൻജിൻ റൂം ലക്ഷ്യമിട്ട് രണ്ട് ഹെൽഫയർ മിസൈലുകൾ പ്രയോഗിച്ചത്.
തങ്ങളുടെ സൈനികരുടെ നിർദേശങ്ങൾ കപ്പൽ ജീവനക്കാർ ആവർത്തിച്ച് ലംഘിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. എന്നാൽ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രമായ ചരക്കുനീക്കത്തെ തടസപ്പെടുത്തുന്നതും സാധാരണക്കാരായ നാവികരുടെ ജീവന് ഭീഷണിയാകുന്നതുമായ ഇത്തരം കടുത്ത സൈനിക നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യ യുഎസിനെ നേരിട്ടറിയിച്ചു.
ജൂൺ എട്ടു മുതൽ ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുള്ള കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന മൂന്നാമത്തെ യുഎസ് ആക്രമണമാണിത്. ആദ്യ ഘട്ടത്തിൽ എംടി മാരിവെക്സ് കപ്പൽ തകർക്കപ്പെട്ടു. തുടർന്ന് എംടി സെറ്റെബെല്ലോ കപ്പലിനു നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു.
ഇതിനു തൊട്ടു പിന്നാലെയാണ് 20 ഇന്ത്യൻ ജീവനക്കാരുള്ള ജൽവീറിനു നേരെയും ആക്രമണം ഉണ്ടായത്. എന്നാൽ ജൽവീറിലെ എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്നും ഒമാൻ അധികൃതരുമായി ചേർന്ന് ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ അമെരിക്കയും ഇറാനും നയതന്ത്ര ചർച്ചകൾക്ക് തയാറാകണമെന്നാണ് ഇന്ത്യയുടെ കടുത്ത ആവശ്യം.