'താജ്മഹൽ ഹിന്ദു ക്ഷേത്രമാണ്'; ജലാഭിഷേകം നടത്താൻ ശ്രമിച്ച കാൻവാർ തീർഥാടകരെ തടഞ്ഞു

 

representative image- Ai

India

"താജ്മഹൽ ഹിന്ദു ക്ഷേത്രമാണ്"; ജലാഭിഷേകം നടത്താൻ ശ്രമിച്ച കാൻവർ തീർഥാടകരെ തടഞ്ഞു

പൊലീസ് തടഞ്ഞവർ അഖില ഭാരത ഹിന്ദു മഹാസഭാ അംഗങ്ങളാണ്

Aswin AM

ആഗ്ര: ആഗ്രയിലെ താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശവാദം ഉന്നയിച്ചുകൊണ്ട് പ്രവേശിക്കാൻ ശ്രമിച്ച കാൻവർ തീർഥാടകരെ പൊലീസ് തടഞ്ഞു. അഖില ഭാരത ഹിന്ദു മഹാസഭാ അംഗങ്ങളെയാണ് പൊലീസ് തടഞ്ഞത്. മതപരമായ ചടങ്ങുകൾ നടത്തുന്നതിനു വേണ്ടിയാണ് സംഘടന താജ്മഹലിൽ പ്രവേശിക്കാൻ ശ്രമിച്ചത്.

താജ്മഹലിലേക്ക് നീങ്ങുകയായിരുന്ന 11 സ്ത്രീകളെ വഴിയിൽ വച്ചു തന്നെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് ഇവരെ രാജേശ്വർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഇവർ വിശുദ്ധ ജലം ശിവലിംഗത്തിൽ സമർപ്പിച്ച് ജലാഭിഷേകം നടത്തുകയും ചെയ്തു. ഇവർ താജ്മഹലിലേക്ക് എത്തുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്ന് ഒരു പൊലീസ് ഉദ‍്യോഗസ്ഥൻ വെളിപ്പെടുത്തി.

ഇതിനു പിന്നാലെ പ്രതികരണവുമായി അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്‍റ് മീര റാത്തോഡ് രംഗത്തെത്തി. താജ്മഹൽ യഥാർഥത്തിൽ ഒരു ശിവക്ഷേത്രമായിരുന്നുവെന്നും താജ്മഹലിൽ ഖവാലി പരിപാടികൾ നടത്താൻ സാധിക്കുമെങ്കിൽ പ്രാർഥനയും നടത്താമെന്നും ഇത്തവണ തങ്ങളെ തടഞ്ഞെന്നും എന്നാൽ ശ്രാവണ മാസത്തിൽ ഇനിയും തിങ്കളാഴ്ചകളുണ്ടെന്നും കാൻവറുകളുമായി തങ്ങൾ ഇനിയും വരുമെന്നും മീര റാത്തോഡ് മുന്നറിയിപ്പ് നൽകി.

താജ്മഹൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഗംഗാജലം സമർപ്പിക്കാൻ ശ്രാവൺ മാസത്തിൽ ഹിന്ദു മഹാസഭ പോലുള്ള വലതുപക്ഷ സംഘടനകൾ പതിവായി ശ്രമിക്കാറുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത‍്യയ്ക്ക് കീഴിലുള്ള സംരക്ഷിത സ്മാരകമാണ് താജ്മഹൽ. താജ്മഹൽ യഥാർഥത്തിൽ തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നാണ് വലതുപക്ഷ സംഘടനകൾ പ്രധാനമായി ഉയർത്തുന്ന വാദമെങ്കിലും ഇക്കാര‍്യം ചരിത്രക്കാരന്മാരും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത‍്യയും ഇത് അംഗീകരിക്കുന്നില്ല.

ആരാണ് കാൻവർ തീർഥാടകർ?

ഹൈന്ദവ പുരാണങ്ങളിലെ ശിവഭക്തരായ തീർഥാടകരെയാണ് കാൻവർ തീർഥാടകരെന്ന് വിളിക്കുന്നത്. രണ്ട് അറ്റത്തും ഗംഗാജലം നിറച്ച രണ്ട് കുടങ്ങൾ തൂക്കിയ വടി തോളത്തു തൂക്കി ക്ഷേത്രങ്ങളിൽ കയറിയിറങ്ങി ശിവഭഗവാന് സമർപ്പിക്കുന്നതാണ് രീതി.

ശ്രാവണ മാസത്തിൽ (ജൂലൈ- ഓഗസ്റ്റ്) ഉത്തരേന്ത‍്യയിൽ നടക്കുന്ന വലിയ തീർഥാടനമാണിത്. നഗ്നപാദരായി ഭക്തർ ഹരിദ്വാർ, ഋഷികേശ്, ഗൗമുഖ്, സുൽത്താൻഗഞ്ച് തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളിലെത്തി ഗംഗാനദിയിൽ നിന്നും അല്ലെങ്കിൽ ഗംഗ ഒഴുകിയെത്തുന്ന സമീപത്തുള്ള മറ്റു നദിയിലെ വെള്ളം ശേഖരിച്ച് തങ്ങളുടെ നാടുകളിലെ ശിവക്ഷേത്രങ്ങളിലേക്ക് തിരികെ യാത്ര തിരിക്കുന്നു. പിന്നീട് പ്രാദേശിക ക്ഷേത്രങ്ങളിൽ ഈ ഗംഗാജലം ഉപയോഗിച്ച് ശിവലിംഗങ്ങൾക്ക് അഭിഷേകം നടത്തുകയും ചെയ്യും.

വിശ്വാസം

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തിയപ്പോൾ അതിൽ നിന്നും പുറത്തു വന്ന വിഷം പരമശിവൻ കുടിക്കുകയും ഇതിനെത്തുടർന്ന് ശിവന്‍റെ തൊണ്ട നീലനിറമാകുകയും ശരീരത്തിൽ കടുത്ത ചൂടും പുകയും പടരുകയും ചെയ്തു. ഈ ചൂട് ശമിപ്പിക്കാനും അദ്ദേഹത്തിന് ശാന്തി നൽകാനുമായി ദേവന്മാർ അദ്ദേഹത്തിന്‍റെ ദേഹത്ത് ഗംഗാജലം കൊണ്ട് ജലാഭിഷേകം നടത്തി. ഇതിന്‍റെ ഓർമയ്ക്കായാണ് ഇപ്പോഴും ഭക്തർ ശ്രാവണ മാസത്തിൽ ശിവലിംഗത്തിൽ ജലാഭിഷേകം നടത്തുന്നത്.

ഗംഗാജലം അഭിഷേകം നടത്തിയാൽ ആഗ്രഹസാഫല്യവും പാപമുക്തിയും ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. എന്നാൽ പാലാഴി മഥന സമയത്ത് ശിവന്‍റെ പ്രയാസം കണ്ട് ശിവഭക്തനായ രാവണനാണ് ഉത്തർ പ്രദേശിലെ ബാഗ്പത് എന്ന സ്ഥലത്ത് ഗംഗാജലം കൊണ്ട് ജലാഭിഷേകം നടത്തിയതെന്ന കഥയും പ്രചാരത്തിലുണ്ട്

അതിതീവ്ര മഴ; വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ക്ഷണിച്ച് ഇന്ത്യ

കേരളത്തിന് സ്വന്തമായി ആയുഷ് സർവകലാശാല വരുന്നു; നിയമം തയ്യാറാക്കാൻ സമിതി

പദ്മശ്രീ ജേതാവും മുൻ ഗവർണറുമായ ഡി.വൈ. പാട്ടീൽ അന്തരിച്ചു

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്