ഓഗസ്റ്റ് 25 മുതൽ യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്താൻ ഇന്ത്യ
Flags of India and The US - Representative image
ന്യൂഡൽഹി: യുഎസ് കസ്റ്റംസ് നിയമങ്ങളിൽ മാറ്റം വരുന്നതോടെ ഓഗസ്റ്റ് 25 മുതൽ യുഎസിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തുന്നതായി ഇന്ത്യ. ഇത് സംബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ശനിയാഴ്ച പ്രസ്താവന പുറത്തിറക്കി.
എല്ലാ മേഖലകളെയും ഏകോപിപ്പിച്ച് തപാൽ വകുപ്പ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എത്രയും വേഗം സേവനങ്ങൾ സാധാരണ നിലയിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇന്ത്യയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പരാമർശിച്ചു.
"2025 ജൂലൈ 30-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 14324 തപാൽ വകുപ്പ് ശ്രദ്ധിച്ചു. 2025 ഓഗസ്റ്റ് 29 മുതൽ പ്രാബല്യത്തിൽ വരുന്ന 800 യുഎസ് ഡോളർ വരെ വിലയുള്ള സാധനങ്ങൾക്കുള്ള ഡ്യൂട്ടി-ഫ്രീ ഡി മിനിമിസ് ഇളവ് പിൻവലിക്കുന്നതാണ് ഇത്. തൽഫലമായി, യുഎസ്എയിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ ഇനങ്ങൾക്കും, അവയുടെ മൂല്യം പരിഗണിക്കാതെ, രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക പവർ ആക്ട് (ഐഇഇപിഎ) താരിഫ് നിയമം അനുസരിച്ച് കസ്റ്റംസ് തീരുവ ബാധകമായിരിക്കും.'' പിഐബിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
ഓഗസ്റ്റ് 25 ന് ശേഷം ചരക്കുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് യുഎസിലേക്കുള്ള വിമാനക്കമ്പനികൾ ഇന്ത്യൻ അധികാരികളെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 100 യുഎസ് ഡോളർ വരെയുള്ള കത്തുകൾ/രേഖകൾ, സമ്മാന ഇനങ്ങൾ എന്നിവ ഒഴികെ, 2025 ഓഗസ്റ്റ് 25 മുതൽ യുഎസ്എയിലേക്ക് പോകുന്ന എല്ലാത്തരം തപാൽ വസ്തുക്കളുടെയും ബുക്കിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് അറിയിക്കുന്നത്. ഡെലിവറി ചെയ്യാത്ത ഇനങ്ങൾ ഇതിനകം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് തപാൽ ചാർജ് റീഫണ്ട് ആവശ്യപ്പെടാമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.