ജനറൽ ഉപേന്ദ്ര ദ്വിവേദി.

 
India

പാക്കിസ്ഥാനെ വെടിനിർത്തലിനു പ്രേരിപ്പിച്ച കാരണം വെളിപ്പെടുത്തി ഇന്ത്യ

വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ പാക്കിസ്ഥാനെ നിര്‍ബന്ധിതമാക്കിയ രണ്ട് പ്രധാന വഴിത്തിരിവുകളെ കുറിച്ച് ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശദീകരിക്കുന്നു

MV Desk

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ വന്‍ നഷ്ടം നേരിട്ട പാക്കിസ്ഥാനെ 2025 മേയ് 10ന് ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമാക്കിയ രണ്ട് പ്രധാന വഴിത്തിരിവുകളെ കുറിച്ച് വ്യക്തമാക്കി ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി രംഗത്ത്.

കഴിഞ്ഞ വര്‍ഷം മേയ് മാസം ഏഴിനാണ് പാക്കിസ്ഥാനെതിരേ ' ഓപ്പറേഷന്‍ സിന്ദൂര്‍ ' ആരംഭിച്ചത്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരാകണമെന്നു സായുധ സേനകള്‍ക്ക് 'ചില ഉത്തരവുകള്‍' നല്‍കിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആ ഉത്തരവുകള്‍ക്ക് പിന്നിലെ ഉദ്ദേശ്യം ശത്രുവിന് മനസിലാക്കുവാന്‍ കഴിഞ്ഞു.

ഇന്ത്യന്‍ നാവിക സേനയുടെയും, സ്‌ട്രൈക്ക് ഫോഴ്‌സിന്‍റെയും (ആക്രമണ സേന) യുദ്ധവിമാനങ്ങളുടെയും നീക്കം കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പാക്കിസ്ഥാന് ലഭ്യമായിരുനെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ അവര്‍ മനസിലാക്കിയതോടെ പോരാട്ടം നിര്‍ത്തുന്നതാണ് നല്ലതെന്ന് അവര്‍ക്ക് മനസിലായെന്നും ജനറല്‍ ദ്വിവേദി പറഞ്ഞു.

ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ പാക്കിസ്ഥാന്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ഡയറക്റ്റര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ലെഫ്റ്റനന്‍റ് ജനറല്‍ രാജീവ് ഘായ് വഴി ഇന്ത്യയെ ബന്ധപ്പെട്ടെന്നും ജനറല്‍ ദ്വിവേദി പറഞ്ഞു.

'മേയ് 10ന് രാവിലെ പോരാട്ടം രൂക്ഷമായാല്‍ എന്തു ചെയ്യണമെന്ന് സംബന്ധിച്ച് മൂന്ന് സായുധ സേനകള്‍ക്കും ചില ഉത്തരവുകള്‍ നല്‍കി. പോരാട്ടം തുടര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന സന്ദേശം അത് മനസ്സിലാക്കേണ്ടവര്‍ക്ക് മനസിലായി' സേനാ മേധാവി പറഞ്ഞു. എല്ലാം പരസ്യമായി വെളിപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാംപുകളില്‍ കൃത്യതയാര്‍ന്ന ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് പ്രധാന വഴിത്തിരിവായത്. ഇന്ത്യ കൃത്യമായ രീതിയിലാണ് പ്രതികരിച്ചത്. അതേസമയം സംഘര്‍ഷം കൂടുതല്‍ വഷളാക്കാന്‍ ന്യൂഡല്‍ഹി ആഗ്രഹിച്ചില്ല.''ഞങ്ങള്‍ അളന്നുമുറിച്ച പ്രതികരണം നല്‍കി. പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ രാഷ്ട്രീയ-സൈനിക ലക്ഷ്യം ഞങ്ങള്‍ നേടി'' അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുന്നു

പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട 'ഓപ്പറേഷന്‍ സിന്ദൂര്‍' തുടരുകയാണെന്നും ഭാവിയില്‍ ഉണ്ടാകാവുന്ന ഏതൊരു ദുഷ്‌കരമായ സംഭവത്തെയും ഫലപ്രദമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രകോപനത്തിനു പാക്കിസ്ഥാന്‍ മുതിര്‍ന്നിരുന്നെങ്കില്‍ ഇന്ത്യന്‍ സൈന്യം കരയുദ്ധത്തിന് പൂര്‍ണസജ്ജമായിരുന്നുവെന്നും അദ്ദേഹ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ആശയം രൂപപ്പെടുത്തി കൃത്യതയോടെയാണ് നടപ്പിലാക്കിയത്. മേയ് 7ന് 22 മിനിറ്റ് നീണ്ടുനിന്ന സൈനിക നടപടിയിലൂടെയാണ് ഓപ്പറേഷന് തുടക്കമിട്ടത്. പിന്നീട് മേയ് 10 വരെ 88 മണിക്കൂര്‍ നീണ്ടുനിന്ന സംഘട്ടനത്തിലൂടെ ആഴത്തിലുള്ള ആക്രമണം നടത്തി, പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. ദീര്‍ഘകാലമായി പാക്കിസ്ഥാന്‍ മുഴക്കിയിരുന്ന ആണവ ഭീഷിയെയും ഇന്ത്യ തകര്‍ത്തതായി സേനാ മേധാവി പറഞ്ഞു.

2025ല്‍ 31 തീവ്രവാദികളെ ഇല്ലാതാക്കി. അതില്‍ 65 ശതമാനം പേരും പാക്കിസ്ഥാന്‍ വംശജരായിരുന്നു. ഇതില്‍ പഹല്‍ഗാം ആക്രമണത്തിനു പിന്നിലെ മൂന്ന് ഭീകരരെ ഇന്ത്യ ഓപ്പറേഷന്‍ മഹാദേവില്‍ ഇല്ലാതാക്കിയെന്നും അദ്ദേഹം അറിയിച്ചു.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ