അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സിഇഒയെ തെരഞ്ഞെടുക്കാൻ അഭിമുഖം തുടങ്ങി

 
India

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സിഇഒയെ തെരഞ്ഞെടുക്കാൻ അഭിമുഖം തുടങ്ങി

മുൻ ബ്യൂറോക്രാറ്റുകളും ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ മുതിർന്ന പദവികൾ വഹിച്ചിരുന്ന മുൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 18 പേരുടെ അഭിമുഖമാണ് നടക്കുന്നത്

Sarath Nath MS

അയോധ്യ: ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ആദ്യത്തെ മുഴുവൻ സമയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കുന്നതിനായി 18 ഉദ്യോഗാർഥികളുടെ അഭിമുഖം ചൊവ്വാഴ്ച ആരംഭിച്ചു. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് മുഴുവൻ സമയ സിഇഒയെ നിയമിക്കാൻ ട്രസ്റ്റ് തീരുമാനിച്ചത്.

5,200 അപേക്ഷകരിൽ നിന്ന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ 18 പേരും തിങ്കളാഴ്ച രാത്രി വൈകി അയോധ്യയിലെത്തി. ട്രസ്റ്റിന്‍റെ നിർദേശപ്രകാരം ക്ഷേത്രനഗരത്തിലെ വിവിധ സ്ഥലങ്ങളിലാണ് ഇവർ താമസിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിലെ തീർഥാടകരുടെ സഹായകേന്ദ്രത്തിലെ കോൺഫറൻസ് റൂമിലാണ് അഭിമുഖം നടക്കുന്നത്. ചൊവ്വാഴ്ച അഭിമുഖം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബുധനാഴ്ചയും നടപടികൾ തുടരുമെന്ന് ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. 18 പേരിൽ നിന്ന് മൂന്ന് പേരുടെ അന്തിമപട്ടിക തെരഞ്ഞെടുപ്പ് സമിതി തയ്യാറാക്കും. തുടർന്ന് ഇവരിൽ ഒരാളെ സിഇഒയായി ട്രസ്റ്റ് നിയമിക്കും.

ഉദ്യോഗാർഥികൾ രാവിലെ ഒൻപതോടെ രാമക്ഷേത്ര സമുച്ചയത്തിലെത്തി. രാവിലെ 10ഓടെയാണ് അഭിമുഖ നടപടികൾ ആരംഭിച്ചത്. അയോധ്യ വിമാനത്താവളത്തിലെത്തുന്ന സമയക്രമം ഓരോ ഉദ്യോഗാർഥിയും ട്രസ്റ്റിനെ നേരത്തെ അറിയിച്ചിരുന്നു. ട്രസ്റ്റ് നിയോഗിച്ച ആളുകൾ വിമാനത്താവളത്തിൽ നിന്ന് ഇവരെ സ്വീകരിച്ച് പ്രത്യേകം വാഹനങ്ങളിൽ വിവിധ താമസസ്ഥലങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.

അഭിമുഖവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ഉദ്യോഗാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അഭിമുഖം പൂർത്തിയായ ശേഷം എല്ലാവരെയും അയോധ്യ വിമാനത്താവളത്തിൽ തിരിച്ചെത്തിച്ച് ഡൽഹിയിലേക്കുള്ള വിമാനത്തിൽ അയയ്ക്കും. ഡൽഹിയിൽ നിന്ന് ഇവർ സ്വദേശത്തേക്ക് വിമാനത്തിൽ മടങ്ങും. 18 ഉദ്യോഗാർഥികളിൽ മുൻ ബ്യൂറോക്രാറ്റുകളും ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ മുതിർന്ന പദവികൾ വഹിച്ചിരുന്ന മുൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായി ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, മുൻ ലെഫ്റ്റനന്‍റ് ജനറൽ (റിട്ട) വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് ഹവാരെ എന്നിവരാണ് അഭിമുഖം നടത്തുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതി.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ

ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച മുതൽ കോട്ടയത്ത്