ലാലു പ്രസാദ് യാദവ്
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർടിസി) അഴിമതിക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരേ കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി. ലാലുവിനൊപ്പം ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരേയാണ് ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെയാണ് വിധി പുറപ്പെടുവിച്ചത്.
ബിഹാറിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് ലാലുപ്രസാദിനെ വീണ്ടും അഴിമതി കുരുക്കിയിരിക്കുന്നത്. തേജസ്വി യാദവിനെ ആർജെഡി മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന സാഹചര്യത്തിലാണ് തിരിച്ചടി. 2004-2014 കാലഘട്ടത്തിൽ ഐആർടിസിയുടെ ഹോട്ടൽ പ്രവർത്തനക്കരാറുകൾ സ്വകാര്യസ്ഥാപനത്തിന് നൽകിയതിനു പിന്നിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് അഴിമതിക്കേസ് ഉയർന്നു വന്നത്. കേസിൽ തെറ്റുകാരല്ലെന്ന് കാണിച്ച് ലാലുവും കുടുംബവും നൽരകിയ ഹർജിയിലാണ് വിധി. കേസിൽ ഉൾപ്പെട്ടവർ എല്ലാം നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഐആർടിസിയുടെ പുരിയിലും റാഞ്ചിയിലുമുള്ള ഭക്ഷണശാലകൾ സുജാത ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയതിനു പിന്നിലാണ് ക്രമക്കേട് കണ്ടെത്തിയത്. ടെൻഡർ നടപടിയിൽ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിരുന്നുവെന്നാണ് ആരോപണം. ഐആർസിടിസി ജനറൽ മാനേജർമാരായ വി.കെ. അസ്താന, ആർ.കെ. ഗോയൽ, സുജാത ഹോട്ടൽ ഉടമകളായ വിജയ് കോച്ചാർ, വിനയ് കോച്ചാർ എന്നിവരുടെയും പേരുകൾ കുറ്റപത്രത്തിലുണ്ട്.