ഹൈദരാബാദ്: കേരള സര്‍ക്കാരും സിപിഎമ്മും പകപോക്കുകയാണെന്ന് ആരോപിച്ച് തെലങ്കാനയിലേക്കു ചേക്കേറിയ കിറ്റെക്സിന്റെ ആദ്യ ടെക്സ്റ്റൈയില്‍സ് യൂണിറ്റിന്റെ ഉദ്ഘാടനം ഉടന്‍. വാറംഗലിലെ കാകതിയ മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്കിലെ 1,350 ഏക്കറിൽ പരന്നുകിടക്കുന്ന കിറ്റെക്സ് ഗാർമെന്റ്സ് ഫാക്റ്ററികള്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വൈകാതെ ഉദ്ഘാടനം ചെയ്യും.
നിർമാണം പുരോഗമിക്കുന്ന കിറ്റെക്സിന്റെ വിശാലമായ ഫാക്റ്ററികളുടെ ചിത്രങ്ങള്‍ തെലങ്കാന ഐടി- വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയുടെ മകനും ബിആർഎസ് പാർട്ടി വർക്കിങ് പ്രസിഡന്റുമായ കൽവന്തകുല താരക രാമറാവു (കെടിആർ) ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്കാണിത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനമുണ്ടാകും- കെ. രാമറാവു വ്യക്തമാക്കി.
2,400 കോടിയുടെ രണ്ടു നിക്ഷേപങ്ങൾ സംസ്ഥാനത്ത് നടത്താന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്സും തമ്മില്‍ ധാരണയായിരുന്നു. ഇവയിൽ 40,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് നിലവില്‍ കിറ്റെക്സ് നടപ്പാക്കുന്നത്. കേരളത്തിൽ എറണാകുളം കിഴക്കമ്പലത്തുള്ള കിറ്റെക്സിന്റെ സ്ഥാപനങ്ങളില്‍ നടന്നുവന്ന തുടര്‍ച്ചയായുള്ള പരിശോധനകളും പ്രശ്നങ്ങളും വിവാദങ്ങളും മൂലമാണ് തെലങ്കാനയില്‍ 1,000 കോടിയുടെ നിക്ഷേപ പദ്ധതി ഉടമ സാബു ജേക്കബ് പ്രഖ്യാപിച്ചത്. പിന്നീട് അത് 2,400 കോടിയായി ഉയര്‍ത്തി.
വാറംഗൽ കാകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലും സീതാറാംപുര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുമായി രണ്ട് പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഇതിൽ വാറംഗലിലെ പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്. രണ്ടിലുമായി 22,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും, 18,000 പേര്‍ക്ക് പരോക്ഷമായും.തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് അവർ അയച്ച പ്രത്യേക ജെറ്റ് വിമാനത്തിലാണ് സാബു ജേക്കബും സംഘവും ഹൈദരാബാദിലെത്തി പദ്ധതി ചര്‍ച്ച നടത്തിയത്. താന്‍ സ്വയം കേരളത്തില്‍ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിച്ച് ചവിട്ടിപ്പുറത്താക്കിയതാണെന്നും സാബു ജേക്കബ് അന്നു പറഞ്ഞിരുന്നു.