കുംഭ മേള നടക്കുന്നത് വഖഫ് ഭൂമിയിൽ: അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് 
India

കുംഭ മേള നടക്കുന്നത് വഖഫ് ഭൂമിയിൽ: അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്

മേളയിൽ മുസ്ലിംകളെ കൂട്ടമായി ഹിന്ദു മതത്തിലേക്കു മാറ്റുന്നതായി ആശങ്കയുണ്ടെന്നും ഷഹാബുദ്ദീൻ റസ്‌വി ബറേൽവി

ലഖ്നൗ: കുംഭമേള നടക്കുന്നത് വഖഫ് ഭൂമിയിലാണെന്നും മേളയിൽ മുസ്‌ലിംകളെ കൂട്ടമതപരിവർത്തനത്തിനു വിധേയരാക്കുമെന്ന് ആശങ്കയുണ്ടെന്നും അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി. 13ന് കുംഭമേള ആരംഭിക്കാനിരിക്കെയാണു മുതിർന്ന പണ്ഡിതന്‍റെ വിദ്വേഷ പ്രസ്താവന. കൂട്ടമതപരിവർത്തനം തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബറേൽവി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

കുംഭമേളയിൽ പങ്കെടുക്കുന്നവർ സനാതന ധർമം പിന്തുടരുന്നവരുടെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മാത്രമേ കയറാവൂ എന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് ആഹ്വാനം ചെയ്തെന്നും ഇതു ഭരണഘടനാവിരുദ്ധമാണെന്നും വാദിച്ച് നേരത്തേ, യുപി മുഖ്യമന്ത്രിക്കു കത്തെഴുതിയതോടെയാണ് ബറേൽവി വാർത്തകളിൽ നിറഞ്ഞത്. എന്നാൽ, മുസ്‌ലിംകൾ കുംഭമേളയിൽ പങ്കെടുക്കരുതെന്ന ആഹ്വാനവുമായി ജമാഅത്ത് അധ്യക്ഷൻ പിന്നീടു രംഗത്തെത്തി. ഇതിനു പിന്നാലെയാണ്, കൂട്ടമതപരിവർത്തനത്തിനു ശ്രമം നടക്കുന്നതായി തനിക്കു വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതു തടയാൻ നടപടിയെടുക്കണമെന്നുമുള്ള ആവശ്യം. കുംഭമേള നടക്കുന്ന 54 ഏക്കർ വഖഫ് ഭൂമിയാണെന്നും ഇതിൽ ഇടപെടാതെ തങ്ങൾ സൗമനസ്യം കാണിക്കുകയാണെന്നും ബറേൽവി പറഞ്ഞു. എന്നിട്ടും വ്യാപാരം നടത്തുന്നതിൽ നിന്ന് തങ്ങളെ തടയുന്നത് ശരിയല്ലെന്നും ജമാഅത്ത് അധ്യക്ഷൻ.

ഇതാദ്യമാണു കുംഭമേളയുടെ വാർത്തകളിൽ മുസ്‌ലിംകൾ കേന്ദ്ര ബിന്ദുവാകുന്നതെന്നു ജമിയത്ത് ഉലമ ഇ ഹിന്ദ് യുപി ഘടകം നിയമോപദേഷ്ടാവ് മൗലാന കാബ് റഷീദി പറഞ്ഞു. മേളയിൽ നിന്നു മുസ്‌ലിംകളെ മാറ്റിനിർത്താനുള്ള ആഹ്വാനം ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമെന്നും റഷീദി. മഹാകുംഭ മേളയിൽ പങ്കെടുത്തതുകൊണ്ട് ഒരു മുസ്‌ലിമും മതപരിവർത്തനം നടത്തില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന യസൂബ് അബ്ബാസ് പ്രതികരിച്ചു.

അതേസമയം, മാധ്യമശ്രദ്ധ ലഭിക്കാനുള്ള ശ്രമമാണു ബറേൽവി നടത്തുന്നതെന്നു യുപി ഹജ്ജ് കമ്മിറ്റി അധ്യക്ഷനും മുൻ മന്ത്രിയുമായ മൊഹ്സിൻ റാസ പറഞ്ഞു. മുസ്‌ലിം സമുദായാംഗങ്ങൾ മുൻപും ഇപ്പോഴും കുംഭമേളയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആരെയും മാറ്റിനിർത്തിയിട്ടില്ല. അതു നമ്മുടെ സംസ്കാരവുമല്ല. അനധികൃതമായി മതപരിവർത്തനം നടത്തുന്ന ആളാണു ബറേൽവിയെന്നും അങ്ങനെ മാറ്റിയവർ ഘർവാപസിയിലൂടെ തിരിച്ചുപോകുമോ എന്ന പേടിയാണ് ജമാഅത്ത് അധ്യക്ഷനെന്നും റാസ പരിഹസിച്ചു.

മുസ്‌ലിംകൾ കുംഭമേളയിൽ പങ്കെടുക്കരുതെന്ന് കേന്ദ്രം നിർദേശിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് അംഗം മൗലാന ഖാലിദ് റഷീദ് ഫരംദി മാഹ്‌ലിയും പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍