മുസ്‌ലിംങ്ങൾ വേണ്ട, ആധാർ കാർഡ് നിർബന്ധം; മഹാരാഷ്ട്രയിലെ ഗർബ- ദണ്ഡിയ നൃത്താഘോഷത്തിൽ മാർഗനിർദേശവുമായി വിഎച്ച്പി
മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിൽ നടക്കുന്ന ഗർബ- ദണ്ഡിയ നൃത്തത്തിൽ മുസ്‌ലിംകൾ പങ്കെടുക്കുന്നതിനെതിരേ വിശ്വ ഹിന്ദു പരിഷത്ത്. ഗർബ- ദണ്ഡിയ നൃത്തത്തിൽ മുംസ്‌ലിംങ്ങളെ പങ്കെടുപ്പിക്കരുതെന്ന് തങ്ങൾ തീരുമാനിച്ചെന്ന് വിഎച്ച്പി ജോയിന്‍റ് സെക്രട്ടറി ശ്രീരാജ് നായർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പങ്കെടുക്കുന്നവർ ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്തണമെന്ന് പരിപാടികളുടെ സംഘാടകരോട് വിഎച്ച്പി ആവശ‍്യപ്പെട്ടിട്ടുണ്ട്. ഒക്റ്റോബർ 11ന് നവരാത്രി ആഘോഷം ആരംഭിക്കാനിരിക്കെയാണ് വിഎച്ച്പി ഇത്തരത്തിലൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വിഗ്രഹാരാധനയെ എതിർക്കുന്ന മുസ്‌ലിംങ്ങൾ എന്തിനാണ് ഉത്സവത്തിൽ പങ്കെടുക്കുന്നതെന്നും നവരാത്രി പാട്ടുകളുടെയും നൃത്തങ്ങളുടെയും മാത്രം ആഘോഷമല്ലെന്നും ദേവിയെ ആരധിക്കുന്നതാണ് ഉത്സവമെന്നും ശ്രീരാജ് നായർ കൂട്ടിച്ചേർത്തു. പരിപാടിയിൽ പങ്കെടുക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്താൻ സംഘാടകർക്കായി വിഎച്ച്പി പ്രത‍്യേക മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കണം, അവരുടെ നെറ്റിയിൽ കുറി വരയ്ക്കണം എന്നിങ്ങനെയാണ് മാർഗനിർദേശം. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തങ്ങളുടെ പ്രഖ‍്യാപനമെന്ന് വിഎച്ച്പി വ‍്യക്തമാക്കി.
മതപരിവർത്തനം, പശു കശാപ്പ് വിരുദ്ധത എന്നീ പ്രധാന അജൻഡയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും വിഎച്ച്പി തയാറല്ലെന്നും ആഘോഷങ്ങൾ ഹിന്ദുക്കളുടെ സാംസ്കാരിക പൈതൃകത്തിന്‍റെ അഭിവാജ‍്യ ഘടകമാണെന്ന് വിശ്വസിക്കുന്നുവെന്നും അതിൽ വെള്ളം ചേർക്കാൻ സാധിക്കില്ലെന്നും ശ്രീരാജ് നായർ പറഞ്ഞു. നിയന്ത്രണങ്ങൾ മുൻകരുതൽ നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ ശ്രീരാജ് നായർ മുസ്‌ലിംങ്ങൾക്കോ മറ്റേതെങ്കിലും സമുദായങ്ങൾക്കോ എതിരല്ലെന്ന് കൂട്ടിച്ചേർത്തു. ഇന്ത‍്യയിലും ലോകമെമ്പാടും സാമൂഹികവും മതപരവുമായ ഐക‍്യത്തിനായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആഹ്വാനം ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴാണ് വിഎച്ച്പി നേതാവ് ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്. മുസ്‌ലിംങ്ങൾക്ക് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ താത്പര‍്യമുണ്ടെങ്കിൽ കുടംബത്തോടൊപ്പം വരണമെന്നും അവരുടെ പള്ളികളിൽ നവരാത്രി ഉത്സവങ്ങൾ സംഘടിപ്പിക്കണമെന്നും ശ്രീരാജ് നായർ പറഞ്ഞു.